ബന്ദികളായ അധ്യാപകരെ ഉടൻ മോചിപ്പിക്കണം
Tuesday, October 14, 2025 12:00 AM IST
ഭിന്നശേഷി സംവരണ പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ, കോടതിവിധിയനുസരിച്ച് ഉത്തരവിറക്കുന്നതിനു പകരം വീണ്ടും കോടതിയിലേക്കു പോകുന്നത് എന്തിനാണ്? സംശയനിവൃത്തി വരുത്തണം.
ഭിന്നശേഷി സംവരണസീറ്റുകൾ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന, നായർ സർവീസ് സൊസൈറ്റിയുടെ കേസിലെ സുപ്രീംകോടതി വിധി ക്രൈസ്തവ മാനേജ്മെന്റുകൾക്ക് ഉൾപ്പെടെ ബാധകമാക്കുമെന്നു സർക്കാർ തീരുമാനിച്ചിരിക്കുന്നു.
തികച്ചും സ്വാഗതാർഹം! പക്ഷേ, തീരുമാനം നടപ്പാക്കുമെന്നതിനു പകരം അതിനുള്ള നിയമനടപടി സ്വീകരിക്കുമെന്ന അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഉത്തരവ് മറ്റു മാനേജ്മെന്റുകൾക്കും ബാധകമാക്കാമെന്ന സുപ്രീംകോടതി വിധി നിൽക്കെ, വീണ്ടും കോടതിയിലേക്കു പോകുമെന്ന തീരുമാനം പ്രശ്നപരിഹാരം വൈകിക്കുമെന്ന ആശങ്കയ്ക്കാണ് വഴി തെളിച്ചിരിക്കുന്നത്.
ഉദ്യോഗാർഥികളെ കിട്ടാനില്ലാത്തതിനാൽ വൈകുന്ന ഭിന്നശേഷി നിയമനത്തിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് "ബന്ദി’കളാക്കപ്പെട്ടിരുന്ന 16,000 അധ്യാപകരെ മോചിപ്പിക്കാനുള്ള അധികാരം കോടതി സർക്കാരിനു നൽകിയിരിക്കേ, എന്തുകൊണ്ടോ അത് ഉപയോഗിച്ചിട്ടില്ല. സങ്കീർണതകൾ കഴിവതും ഒഴിവാക്കുകയല്ലേ വേണ്ടത്? കാര്യങ്ങൾ സുതാര്യമാകട്ടെ.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ""ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന ചില തർക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. ഇതു കാരണം നിരവധി അധ്യാപകരുടെ നിയമനാംഗീകാരം തടസപ്പെട്ടു.
എൻഎസ്എസ് മാനേജ്മെന്റിനു ലഭിച്ച ആനുകൂല്യം മറ്റു മാനേജ്മെന്റുകൾക്കും നൽകുന്നതിനാവശ്യമായ നിയമനടപടികൾ സർക്കാർ സ്വീകരിക്കും. കേസ് വീണ്ടും പരിഗണിക്കുമ്പോൾ സർക്കാർ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപകസമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടും മുള്ള ഒരു സമഗ്രമായ പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കും.’’മന്ത്രി അറിയിച്ച ഉന്നതതല യോഗ തീരുമാനം പ്രശംസാർഹമാണ്. പക്ഷേ, മന്ത്രി പറഞ്ഞതുപോലെ പുതിയ അധ്യായം തുറക്കാനുള്ള അധികാരം സുപ്രീംകോടതി സർക്കാരിനു നൽകിക്കഴിഞ്ഞു. എന്നിട്ടും ഉത്തരവല്ല, നിയമനടപടി സ്വീകരിക്കുമെന്ന പ്രസ്താവനയാണ് മന്ത്രി ഇന്നലെ പുറത്തിറക്കിയത്.
വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ സർക്കാർ പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നതു നിയമപരമായി ന്യായീകരിക്കാനായേക്കും. പക്ഷേ, വൈകിയെത്തിയ നീതിയെ പടിവാതിൽക്കൽ തടയുന്നതിനു തുല്യമാകും. ഭിന്നശേഷി ഉദ്യോഗാർഥികൾക്കായുള്ള സീറ്റുകൾ ഒഴിച്ചിട്ടുകൊണ്ട് മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്നാണ് എൻഎസ്എസ് കേസിൽ സുപ്രീംകോടതി ഉത്തരവിട്ടത്.
സർക്കാർ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്ന് സുപ്രീംകോടതി ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. അത്ര ലളിതമായ പരിഹാരം ഒഴിവാക്കി, നിയമപരിഹാരം തേടുമെന്നു പറയുന്പോൾ സർക്കാർ തെരഞ്ഞെടുപ്പുവരെ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണോയെന്ന് കാത്തിരിപ്പിന്റെ ദുരിതപർവങ്ങൾ പിന്നിട്ട അധ്യാപകർക്ക് ഉത്കണ്ഠയുണ്ടാകും.
വിദ്യാഭ്യാസമേഖലയിലെ വലിയൊരു പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക നിലപാടാണ് ഉദ്ദേശിക്കുന്നതെങ്കിൽ സർക്കാർ സംശയനിവൃത്തി വരുത്തേണ്ടതാണ്. എൻഎസ്എസിന്റേതിനു സമാനമായ വിഷയവും പ്രതിസന്ധിയുമാണെങ്കിലും മറ്റുള്ള മാനേജ്മെന്റുകൾ കോടതിയെ സമീപിക്കട്ടെ എന്നതായിരുന്നു സർക്കാരിന്റെ വാശി.
അതോടെ, മാനേജ്മെന്റുകളും സർക്കാരും ശ്രമിച്ചിട്ടും ഒഴിവു നികത്താനാവശ്യമായ ഭിന്നശേഷിക്കാരെ കിട്ടാതെവന്നതോടെ അതിന് ഉത്തരവാദികളല്ലാത്ത മറ്റ് അധ്യാപകർ സ്ഥിരനിയമനവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ദിവസക്കൂലിക്കാരുടെ സ്ഥിതിയിലായി.
അനുകൂല വിധി നിലനിൽക്കെ മറ്റു മാനേജ്മെന്റുകൾ വീണ്ടും കോടതിയിൽ പോയാൽ കാലതാമസവും സാന്പത്തികനഷ്ടവും വരുത്താമെന്നല്ലാതെ കോടതിയുടെ മുൻ തീരുമാനത്തിൽ മാറ്റമുണ്ടാകാനിടയില്ല. സർക്കാർ അടിയന്തരമായി ഉത്തരവിറക്കണം. ജനാധിപത്യത്തിന്റെ ഇന്ത്യൻ ശാപമായ ചുവപ്പുനാടകൾ പൊട്ടിച്ചെറിയുന്നതിനു പകരം പുതിയ ഫയൽ തുറക്കരുത്. ഓരോ ഫയലും ഓരോ ജീവിതല്ലേ?