കിളിമഞ്ജാരോ അഗ്നിപർവ്വത കൊടുമുടിയിൽ ചരിത്രം കുറിച്ച് യുകെ മലയാളി അലീന ആന്റണി
ജിമ്മി ജോസഫ്
Monday, October 6, 2025 3:15 PM IST
ടാൻസാനിയ: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതത്തിന്റെ നെറുകയിൽ പാദമൂന്നിയ ആദ്യ യുകെ മലയാളിയായി ഗ്ലാസ്ഗോയിലെ അലീന ആന്റണി. അലീന സ്കോട്ലൻഡിലെ ഡൻഡി യൂണിവേഴ്സിറ്റിയിലെ അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. ആഫ്രിക്കയിലെ ടാൻസാനിയായിൽ മൂന്നു മാസത്തെ മെഡിക്കൽ പരിശീലനത്തിന് ഡൻസി യൂണിവേഴ്സിറ്റിയിൽ നിന്നും പോയ 25 വിദ്യാർഥികളിൽ ഒരാളാണ് അലീന.
തങ്ങൾ ജോലി ചെയ്ത ആശുപത്രിയുടെ ശോചനീയാവസ്ഥ കണ്ട് മനമുരുകി, അവിടുത്തെ രോഗികൾക്കുവേണ്ടി, സാമ്പത്തികമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം പൂർത്തിയാക്കാൻ വേണ്ടിയാണ് അലീനയും സുഹൃത്തുക്കളും അതിസാഹസികമായ ഈ ഉദ്യമത്തിന് തയ്യാറായത്.
അലീനയുടെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന സംഘമാണ് ആദ്യം ഇതിനായി തയ്യാറെടുത്തത്. പിന്നീടത് എട്ട് പേരായി ചുരുങ്ങി, ദൗത്യം പൂർത്തിയാക്കിയത് വെറും മൂന്ന് പേർ. ഒട്ടേറെ പ്രതിസന്ധികളെയും ദുർഘട സാഹചര്യങ്ങളെയും അതിജീവിച്ചാണ് അലീനയും സംഘവും കിളിമഞ്ചാരോ കൊടുമുടിയുടെ നെറുകയിലെത്തിയത്.
പർവതമുകളിൽ ഓക്സിജന്റെ കുറവും, അന്തരീക്ഷ ഊഷ്മാവ് -20° C യിലും കുറവുമായിരുന്നു. ഇവയെല്ലാം തരണം ചെയ്യാനുള്ള മുൻകരുതൽ ഇവർ എടുത്തിരുന്നു. കൂടാതെ ആഴ്ചകൾക്കു മുൻപേ ആവശ്യമായ പ്രതിരോധ മരുന്നുകളും പ്രത്യേക ഭക്ഷണ ക്രമീകരണങ്ങളും നടത്തി. ആറ് ദിനരാത്രങ്ങൾ കൊണ്ട് സമുദ്രനിരപ്പിൽ നിന്നും 5895 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്ന രീതിയിലാണ് പർവതാരോഹണം ക്രമീകരിച്ചത്. എന്നാൽ അലീനയും സംഘവും വെറും നാല് ദിവസം കൊണ്ട് ദൗത്യം പൂർത്തിയാക്കി.
കലാകേരളം ഗ്ലാസ്ഗോയുടെ പ്രഥമ പ്രസിഡന്റും ഗ്ലാസ്ഗോ മലയാളി കുടിയേറ്റ ചരിത്രത്തിന് തനതായ സംഭാവനകൾ നൽകിയ തൃശൂർ ചാലക്കുടി സ്വദേശി ആന്റണി ജോസഫിന്റെയും സിനിയുടെയും ഇളയ മകളാണ് അലീന. സഹോദരൻ ആൽബർട്ട് ആന്റണി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സ്കോട്ലൻഡ് ബോക്സിങ് ചാംപ്യനാണ്.