ചില്ലറ പണപ്പെരുപ്പം താഴ്ന്നു
Monday, October 13, 2025 10:34 PM IST
ന്യൂഡൽഹി: ഭക്ഷ്യവസ്തുക്കളുടെ വിലയിലെ തുടർച്ചയായ കുറവ് കാരണം, സെപ്റ്റംബറിൽ ഇന്ത്യയുടെ ഭക്ഷ്യവില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 1.54 % ആയി കുറഞ്ഞു.
ഓഗസ്റ്റിൽ 2.07 ശതമാനമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ പണപ്പെരുപ്പ നിരക്ക് 2017 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ നിരക്ക് റിസർവ് ബാങ്കിന്റെ ലക്ഷ്യ പരിധിയായ 2-6 ശതമാനത്തിനു താഴെയാണ്.
ഗ്രാമ, നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പവും സെപ്റ്റംബറിൽ താഴ്ന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 1.69 ശതമാനത്തിൽനിന്ന് സെപ്റ്റംബറിൽ 1.07 ശതമാനത്തിലെത്തി. നഗരപ്രദേശങ്ങളിലെ പണപ്പെരുപ്പം ഓഗസ്റ്റിലെ 2.47 ശതമാനത്തിൽനിന്ന് 2.04 ശതമനത്തിലേക്കു താഴ്ന്നു.
പച്ചക്കറികൾ, എണ്ണകൾ, പഴങ്ങൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ, ഇന്ധനം എന്നിവയുൾപ്പെടെയുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം.
ഭക്ഷ്യവിലക്കയറ്റം നാലാം മാസവും നെഗറ്റീവ്
ഉപഭോക്തൃ ഭക്ഷ്യവില സൂചിക സെപ്റ്റംബറിൽ -2.28% എന്ന പണപ്പെരുപ്പം രേഖപ്പെടുത്തി. തുടർച്ചയായ നാലാം മാസമാണ് ഭക്ഷ്യവിലക്കയറ്റം നെഗറ്റീവാകുന്നത്. ഓഗസ്റ്റിൽ -0.69 ശതമാനമാണുണ്ടായിരുന്നത്. 2018 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കുമാണ് ഇത്. ഗ്രാമീണ ഭക്ഷ്യവിലക്കയറ്റം -2.17 ശതമാനമായി. അതേസമയം നഗരപ്രദേശങ്ങളിലെ ഭക്ഷ്യവിലക്കയറ്റം -2.47 ശതമാനവും രേഖപ്പെടുത്തി.
കേരളം മുന്നിൽ
ദേശീയതലത്തിൽ പണപ്പെരുപ്പം കുറഞ്ഞപ്പോൾ കേരളം തുടർച്ചയായ ഒന്പതാം മാസവും രാജ്യത്ത് ഏറ്റവും കൂടുതൽ പണപ്പെരുപ്പം ഉള്ള സംസ്ഥാനമായി. ഓഗസ്റ്റിലെ 9.04 ശതമാനം നിരക്കിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ 9.94 ശതമാനമായി ഉയർന്നു.
ഹിമാചൽപ്രദേശ് (2.98 %), തമിഴ്നാട് (3.09 %), ഉത്തരാഖണ്ഡ്് (3.77 %), ജമ്മുകാഷ്മീർ (4.79 %) എ്ന്നിവയാണ് കേരളത്തിനു പിന്നിൽ. ഉത്തർപ്രദേശ് (-1.21 %), തെലങ്കാന (-0.29 %), മധ്യപ്രദേശ് (-0.05 %) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും താഴ്ന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ.