ഡബിൾസ്
Saturday, November 16, 2024 12:05 AM IST
ജൊഹന്നാസ്ബർഗ്: വാണ്ടറേഴ്സിൽ വണ്ടറായി ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണും ഹൈദരാബാദുകാരൻ തിലക് വർമയും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 ക്രിക്കറ്റിൽ സഞ്ജു സാംസന്റെയും (56 പന്തിൽ 109 നോട്ടൗട്ട്) തിലക് വർമയുടെയും (47 പന്തിൽ 120 നോട്ടൗട്ട്) സെഞ്ചുറി മികവിൽ ഇന്ത്യ നിശ്ചിത ഓവറിൽ കെട്ടിപ്പടുത്തത് ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്‍സ്.
വിദേശത്ത് ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറാണിത്. മാത്രമല്ല, ഒരു രാജ്യാന്തര ട്വന്റി-20യിൽ ഇന്ത്യയുടെ രണ്ടു ബാറ്റർമാർ സെഞ്ചുറി നേടുന്നതും ഇതാദ്യം.
സഞ്ജു-അഭിഷേക് ശർമ (36) ഓപ്പണിംഗ് കൂട്ടുകെട്ടിൽ 73 റണ്‍സ് പിറന്നു. തുടർന്നാണ് തിലക്-സഞ്ജു കൂട്ടുകെട്ട് വാണ്ടറേഴ്സ് സ്റ്റേഡിയത്തെ ആവേശത്തേരിലേറ്റിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പുറത്താകാതെ 210 റണ്‍സ് അടിച്ചുകൂട്ടി.
രാജ്യാന്തര ട്വന്റി-20യിൽ രണ്ടാം വിക്കറ്റിലെ റിക്കാർഡ് കൂട്ടുകെട്ടാണിത്. 14.1 ഓവറിൽ ഇന്ത്യയുടെ സ്കോർ 200 കടന്നു. ഇന്ത്യ വേഗത്തിൽ 200 കടക്കുന്ന റിക്കാർഡും അതോടെ പിറന്നു. ഇരുപത്തിരണ്ടുകാരനായ തിലക് വർമയുടെ തുടർച്ചയായ രണ്ടാം ട്വന്റി-20 സെഞ്ചുറിയാണ്.
സഞ്ജു സാംസണിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി തിലക്. നേരിട്ട 51-ാം പന്തിലാണ് സഞ്ജു സെഞ്ചുറി തികച്ചത്, തിലക് നേരിട്ട 41-ാം പന്തിലും.