22 അംഗ ടീമിൽ 15 പുതുമുഖങ്ങളുമായി കേരളം സന്തോഷ് ട്രോഫിക്ക്
Saturday, November 16, 2024 12:05 AM IST
കോഴിക്കോട്: യുവാക്കള്‍ക്കു പ്രാതിനിധ്യം നല്കി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 22 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു.
എറണാകുളം സ്വദേശിയായ പ്രതിരോധ താരം ജി. സഞ്ജു ആണ് ക്യാപ്റ്റൻ. പാലക്കാട്ടുകാരനായ ഗോൾ കീപ്പർ എസ്. ഹജ്മൽ ആണ് വൈസ് ക്യാപ്റ്റൻ. ബിബി തോമസ് മുട്ടത്താണു പരിശീലകൻ. ടീമിൽ 15 പേർ പുതുമുഖങ്ങളാണുള്ളത്. കഴിഞ്ഞ സന്തോഷ് ട്രോഫി ടീമില്‍ കളിച്ച അഞ്ചുപേരെ നിലനിര്‍ത്തിയാണു ടീം പ്രഖ്യാപനം. മലപ്പുറത്തുനിന്നുള്ള പതിനേഴുകാരന് മുഹമ്മദ് റിഷാദ് ഗഫൂറാണു ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ താരം. സൂപ്പര്‍ ലീഗ് കേരളയിലെ മികച്ച പ്രകടനമാണു റിഷാദിനെ ടീമിലെത്തിച്ചത്.
എച്ച് ഗ്രൂപ്പിലാണ് കേരളം. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവേയ്സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. 20ന് കരുത്തരായ റെയില്വേയുമായാണു കേരളത്തിന്റെ ആദ്യമത്സരം. 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും മത്സരമുണ്ട്.
കേരളത്തിന് പുറമേ, പഞ്ചാബ്, പശ്ചിമബംഗാള്‍, ത്രിപുര, ആസാം, ആന്ധ്രപ്രദേശ്, രാജസ്ഥാന്, എന്നിവിടങ്ങളിലാണു ഗ്രൂപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുക. 57 വർഷങ്ങൾക്കുശേഷമാണു ഹൈദരാബാദ് ഫൈനൽ മത്സരങ്ങൾക്കു വേദിയാകുന്നത്. ഹൈദരാബാദ് ഗച്ചിബൗളി സ്റ്റേഡിയത്തിലാണു ഫൈനൽ ഉൾപ്പെടെ പ്രധാന മത്സരങ്ങൾ.
കേരള ടീം
ഗോള്‍ കീപ്പര്‍മാര്‍: കെ. മുഹമ്മദ് നിയാസ് (പാലക്കാട്), കെ. മുഹമ്മദ് അസ്ഹർ (മലപ്പുറം), എസ്. ഹജ്മൽ (വൈസ് ക്യാപ്റ്റൻ, പാലക്കാട്).
ഡിഫൻഡർമാർ: എം. മനോജ് (തിരുവനന്തപുരം), ജി. സഞ്ജു (എറണാകുളം), മുഹമ്മദ് അസ്ലം (വയനാട്), ആദിൽ അമൽ (മലപ്പുറം), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം).
മിഡ്ഫീൽഡർമാർ: വി. അർജുൻ (കോഴിക്കോട്), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ് അർഷാഫ് (മലപ്പുറം), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ഗഫൂർ (മലപ്പുറം), പി.പി. മുഹമ്മദ് റോഷൽ, മുഹമ്മദ് മുഷറഫ് (കണ്ണൂർ).
ഫോർവേഡ്: ഗനി അഹമ്മദ് നിഗം (കോഴിക്കോട്), മുഹമ്മദ് അജ്സാൽ (കോഴിക്കോട്), ഇ .സജീഷ് (പാലക്കാട്), ടി. ഷിജിൻ (തിരുവനന്തപുരം).
മുഖ്യ പരിശീലകൻ: ബിബി തോമസ് മുട്ടത്ത്, അസിസ്റ്റന്റ് കോച്ച് : സി. ഹരി ബെന്നി, ഗോൾകീപ്പിംഗ് കോച്ച്: എം.വി. നെൽസൺ, ടീം ഫിസിയോ: ജോസ് ലാൽ. മാനേജർ: അഷ്റഫ് ഉപ്പള.
ആദ്യം സേഫ്റ്റി, പിന്നെ അറ്റാക്കിംഗ്: ബിബി തോമസ്
കോഴിക്കോട്: ഒരു ടീമിനെയും വിലകുറച്ചു കാണുന്നില്ലെന്നും ശക്തമായ പോരാട്ടമാണ് മുന്നിലുള്ളതെന്നും സന്തോഷ് ട്രോഫി കേരള ടീം കോച്ച് ബിബി തോമസ് മുട്ടത്ത്.
യോഗ്യതാ റൗണ്ടില്‍ റെയില്വേയുമായാണു കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നത്. എന്നാല്‍, എല്ലാ ടീമുകളുടെയും കളികളില്‍ കാര്യമായ പുരോഗതി സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ യോഗ്യതാ റൗണ്ടിലെ മല്‍സരങ്ങള്‍ കടുപ്പ മേറിയതായിരിക്കും.
ആദ്യം സേഫ്റ്റി പിന്നെ അറ്റാക്കിംഗ് എന്ന ശൈലിയായിരിക്കും പിന്തുടരുക. ടീമിലെ താരങ്ങള്‍ കോഴിക്കോട്ടെ കോര്പറേഷന് സ്റ്റേഡിയത്തില്‍ കളിച്ചു വളര്‍ന്നവരാണ്. ഹോം ഗ്രൗണ്ടിലെ മത്സരങ്ങളില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം കോഴിക്കോട് ടീം പ്രഖ്യാപന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.