ഏഷ്യൻ ചാന്പ്യൻസ് ലീഗ് ഹോക്കിയിൽ ഇന്ത്യ x ചൈന ഫൈനൽ ഇന്ന്
Tuesday, September 17, 2024 12:50 AM IST
ഹുലുൻബുയർ (ചൈന): കിരീടം നിലനിർത്താൻ ചൈനക്കെതിരായ യുദ്ധത്തിന് ഇന്ത്യൻ ഹോക്കി ടീം ഇന്നു കളത്തിൽ. എട്ടാമത് ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യൻ പുരുഷ ടീം ഇന്നു ചൈനയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ചൈനയിലെ ഹുലുൻബുയറിലാണ് പോരാട്ടം. സെമിയിൽ ദക്ഷിണകൊറിയയെ തകർത്താണ് ഇന്ത്യ ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്.
ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഇന്ത്യ, 4-1ന് ദക്ഷിണകൊറിയയെ സെമിയിൽ തകർത്തു. ഉത്തം സിംഗിന്റെ ഗോളിലൂടെ 13-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. തുടർന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് (19') ടീമിന്റെ ലീഡ് ഉയർത്തി.
ജർമൻപ്രീത് സിംഗിന്റെ (32') വകയായിരുന്നു മൂന്നാം ഗോൾ. 45-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗ് നാലാം ഗോൾ നേടി. 33-ാം മിനിറ്റിൽ യംഗിന്റെ വകയായിരുന്നു ദക്ഷിണകൊറിയയുടെ ഏകഗോൾ. എട്ടു ഗോളുമായി യാംഗ് ടൂർണമെന്റിൽ ടോപ് സ്കോറർ സ്ഥാനത്തുണ്ട്. ഏഴ് ഗോളുമായി ഹർമൻപ്രീത് സിംഗ് തൊട്ടുപിന്നിലും.
സെമിയിൽ പാക്കിസ്ഥാനെ പെനാൽറ്റീസിലൂടെ കീഴടക്കിയാണ് ആതിഥേയരായ ചൈന ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കിയത്. 18-ാം മിനിറ്റിൽ ലു യുവാൻലിനിലൂടെ മുന്നിലെത്തിയ ചൈനയെ അഹ്മദ് നദീമിലൂടെ 37-ാം മിനിറ്റിൽ പാക്കിസ്ഥാൻ സമനിലയിൽ പിടിച്ചു. പിന്നീടു ഗോൾ പിറന്നില്ല. പെനാൽറ്റീസിൽ ചെൻ, ലിൻ എന്നിവർ ചൈനയ്ക്കുവേണ്ടി ലക്ഷ്യം നേടി. പാക്കിസ്ഥാന്റെ നാലു പെനാൽറ്റിയും ലക്ഷ്യം കണ്ടില്ല.
അഞ്ചാം കിരീടം
ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിൽ അഞ്ചാം കിരീടം പ്രതീക്ഷിച്ചാണ് ഇന്ത്യൻ ടീം ഇന്നു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ഇതുവരെ നാലു തവണ (2011, 2016, 2018, 2023) ട്രോഫിയിൽ മുത്തംവച്ചു. 2012ൽ ഫൈനലിൽ പ്രവേശിച്ചതടക്കം ഇന്ത്യയുടെ ആറാം ഫൈനലാണ് ഇന്ന് അരങ്ങേറുന്നത്.
മറുവശത്ത് ചൈന ആദ്യമായാണ് ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയുടെ ഫൈനൽ കളിക്കുന്നത് എന്നതാണ് വാസ്തവം.
2012, 2013 എഡിഷനുകളിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്തതായിരുന്നു ഇതിനു മുന്പ് ചൈനയുടെ ഏറ്റവും മികച്ച പ്രകടനം.