19 മെഡല്‍; കേരളം മടങ്ങി
Wednesday, October 15, 2025 1:14 AM IST
ഭുവനേശ്വര്‍: 40-ാമത് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം ഉള്‍പ്പെടെ 19 മെഡലുകളുമായി കേരള ടീം പോരാട്ടം അവസാനിപ്പിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ ഒരു വെള്ളിയും വെങ്കലവും കേരളം സ്വന്തമാക്കി. നാലാംദിനം പെണ്‍കുട്ടികളുടെ അണ്ടര്‍ 16 പെന്റാത്തലണില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ അനാമിക അജേഷ് അഞ്ചാംദിനമായ ഇന്നലെ ലോംഗ്ജംപില് വെങ്കലം നേടി.
മീറ്റ്, ദേശീയ റിക്കാര്‍ഡിനെ (4.05) മറികടക്കുന്ന പ്രകടനത്തോടെയായിരുന്നു അനാമികയുടെ (4.08) വെങ്കലം. റിക്കാര്‍ഡ് കുറിച്ച് തമിഴ്നാടിന്റെ എസ്. ധന്യ (4.23) സ്വര്‍ണം സ്വന്തമാക്കി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയിലായിരുന്നു കേരളത്തിന്റെ വെള്ളി മെഡല്‍. മുഹമ്മദ് സ്വാലിഹ്, ജാസിം ജെ. റസാക്ക്, ജെ. ബിജോയ്, എഡ്വിന് മാത്യു എന്നിവരുടെ സംഘമാണ് കേരളത്തിനായി ബാറ്റണ്‍ കൈയിലേന്തിയത്.
മീറ്റ് റിക്കാര്‍ഡിനേക്കാള്‍ മികച്ച പ്രകടനത്തോടെ 3:10.98 സെക്കന്‍ഡില്‍ കേരളം ഫിനിഷിംഗ് ലൈന്‍ കടന്നു. മീറ്റ് റിക്കാര്‍ഡ് (3:11.03) തകര്‍ത്ത് തമിഴ്നാട് (3:10.64) സ്വര്‍ണം നേടി. വനിതകളുടെ 4x400 റിലേയില്‍ കേരളം അയോഗ്യരാക്കപ്പെട്ടു.