കിരീടമില്ലാത്ത നാണക്കേട് ബ്ലാസ്റ്റേഴ്സിനു മാത്രം!
Saturday, September 14, 2024 1:20 AM IST
2014; ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കന്നി സീസണ്. സച്ചിൻ തെണ്ടുൽക്കറിന്റെ ആശീർവാദത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്ന ടീം രൂപമെടുക്കുന്നു. അതോടെ കേരളത്തിന്റെ ഫുട്ബോൾ പ്രേമികളും സച്ചിന്റെ ആരാധകരും ബ്ലാസ്റ്റേഴ്സിന്റെ പിന്നാലെ...
ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ. പിന്നീട് 2016ലും 2021-22 സീസണിലും ഫൈനൽ കളിച്ചു. നാളിതുവരെയായിട്ടും കിരീടം എന്ന സ്വപ്നം മാത്രം സഫലമായില്ല. കലിപ്പടക്കണം കപ്പടിക്കണം എന്നെല്ലാം പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. 2014ൽ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തിയ ടീമുകളിൽ ഒരു ട്രോഫി പോലും ഇല്ലാത്ത ഏക ടീമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നതാണ് യാഥാർഥ്യം.
നോർത്ത് ഈസ്റ്റും കപ്പടിച്ചു
2014 ഐഎസ്എല്ലിൽ എട്ടു ടീമുകളായിരുന്നു ഉണ്ടായിരുന്നത്. അത് ലറ്റിക്കോ ഡി കോൽക്കത്ത, ചെന്നൈയിൻ, ഡൽഹി ഡൈനാമോസ്, എഫ്സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, പൂന സിറ്റി പിന്നെ കേരള ബ്ലാസ്റ്റേഴ്സ്. ഇതിൽ അത്ലറ്റിക്കോ ഡി കോൽക്കത്ത ലയിച്ചും രൂപാന്തരപ്പെട്ടും എടികെ, എടികെ മോഹൻ ബഗാൻ എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് വരെയെത്തിനിൽക്കുന്നു. പൂന സിറ്റി 2019ൽ ഇല്ലാതായി. ഡൽഹി ഡൈനാമോസ് കലിംഗയിലേക്ക് എത്തിയതോടെ 2019 മുതൽ ഒഡീഷ എഫ്സിയായി.
2014ലെ പ്രഥമ ഐഎസ്എല്ലിൽ ഉണ്ടായിരുന്നതിൽ 2023-24 സീസണ്വരെയായി ട്രോഫിയില്ലാതിരുന്നത് കേരള ബ്ലാസ്റ്റേഴ്സിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുമായിരുന്നു. 2024 ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിന്റെ ഷെൽഫിലും കന്നിക്കപ്പെത്തി. അതോടെ കിരീടമില്ലാത്തവർ എന്ന മാനക്കേടു ബാക്കിയുള്ളത് ബ്ലാസ്റ്റേഴ്സിനു മാത്രം.
2024-25 സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറുന്ന മുഹമ്മദൻ എസ്സി ഐ ലീഗ് ചാന്പ്യന്മാരായാണ് സ്ഥാനക്കയറ്റം നേടിയത്. മാത്രമല്ല, 1960ൽ അഗ ഖാൻ ഗോൾഡ് കപ്പ് എന്ന ഇന്റർനാഷണൽ ട്രോഫി അവരുടെ ഷെൽഫിലുണ്ട്.
ഇത്തവണ കപ്പടിക്കണം
പതിവുപോലെ 2024-25 സീസണിനു തുടക്കമിടുന്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനസിൽ കപ്പുണ്ട്. പ്രീസീസണ് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അസംതൃപ്തി ആദ്യമായി ഔദ്യോഗികമായി അറിയിച്ചെന്നതും ശ്രദ്ധേയം.
സെന്റർ സ്ട്രൈക്കറിനെ സൈൻ ചെയ്യാൻ വൈകിയതും ഡിഫെൻസീവ് മിഡ്ഫീൽഡിലെ ഏറ്റവും മികച്ച ഇന്ത്യൻ താരമായ ജീക്സണ് സിംഗിനെ വിട്ടുകളഞ്ഞതുമെല്ലാം ആരാധകരെ ചൊടിപ്പിച്ചു.
ജീക്സണ് സിംഗ് കഴിഞ്ഞ സീസണിൽത്തന്നെ ബ്ലാസ്റ്റേഴ്സ് വിടാൻ തയാറായിരുന്നു എന്നായിരുന്നു ബ്ലാസ്റ്റേഴ്സ് സ്പോർടിംഗ് ഡയറക്ടർ കരോളിൻ സ്കിൻകിസിന്റെ വെളിപ്പെടുത്തൽ.
ഏതാലായും സ്വീഡിഷ് മാനേജർ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ പുതിയ ശൈലിയിലും തന്ത്രങ്ങളിലുമാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
നാളെ, തിരുവോണനാളിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സീസണിന്റെ ശുഭാരംഭം കുറിക്കാൻ ബ്ലാസ്റ്റേഴ്സ് ഇറങ്ങും. പഞ്ചാബ് എഫ്സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. കപ്പില്ലാത്തവർ എന്ന നാണക്കേടുമാറ്റി കപ്പടിച്ച് കലിപ്പടക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം...