യൂറോ സ്പെയിനിന്
Monday, July 15, 2024 11:58 PM IST
ബർലിൻ: യൂറോപ്പിന്റെ ഫുട്ബോൾ കിരീടം സ്പെയിൻ സ്വന്തമാക്കി. ബർലിൻ ഒളിന്പിക് സ്റ്റേഡിയത്തിൽ നടന്ന യൂറോപ്യൻ ചാന്പ്യൻഷിപ് ഫുട്ബോൾ ഫൈനലിൽ സ്പെയിൻ ഒന്നിനെതിരേ രണ്ടു ഗോളിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു.
നാലാം തവണയാണ് സ്പെയിൻ യൂറോപ്യൻ ചാന്പ്യന്മാരാകുന്നത്. ഇതോടെ ഏറ്റവും കൂടുതൽ യൂറോ കപ്പ് നേടിയ രാജ്യമെന്ന റിക്കാർഡും സ്പെയിൻ സ്വന്തമാക്കി. മൂന്നു തവണ ജേതാവായ ജർമനിക്കൊപ്പം തുല്യതയിലായിരുന്നു സ്പെയിൻ. 12 വർഷത്തിനുശേഷം സ്പെയിൻ നേടുന്ന പ്രധാന ട്രോഫിയാണിത്.
അൽവാരോ മൊറാട്ടയ്ക്കു പകരമെത്തിയ മൈക്കിൽ ഒയാർസബലിന്റെ (87’) വകയായിരുന്നു സ്പെയിനിന്റെ വിജയ ഗോൾ. 47-ാം മിനിറ്റിൽ നിക്കോ വില്യംസിലൂടെ സ്പെയിൻ മുന്നിലെത്തി. എന്നാൽ ഇംഗ്ലണ്ട് പകരക്കാരനായ കോൾ പാമറിലൂടെ (73’) സമനില നേടി. സ്പെയിനിന്റെ മധ്യനിരതാരം റോഡ്രിയെ പ്ലെയർ ഓഫ് ദടൂർണമെന്റായി തെരഞ്ഞടുത്തു.
ട്രോഫിയിലേക്കുള്ള സേവ്
യൂറോയിൽ ഇംഗ്ലണ്ട് ഫൈനലിനു മുന്പ് മൂന്നു നോക്കൗട്ട് മത്സരങ്ങളിൽ 90-ാം മിനിറ്റ്, 80-ാം മിനിറ്റ്, 95-ാം മിനിറ്റ് സമയങ്ങളിൽ നേടിയ ഗോളുകളിലാണ് സമനിലയോ വിജയമോ നേടിയത്. ഫൈനലിൽ സ്പെയിൻ 2-1ന് മുന്നിൽനിൽക്കേ 89:15 മിനിറ്റിൽ കോൾ പാമർ കോർണറിൽനിന്ന് തൊടുത്ത പന്ത് പെനാൽറ്റി ബോക്സിലേക്ക് ഓടിയെത്തിയ ഡെക്ലാൻ റൈസ് ഹെഡറിലൂടെ വലയിലേക്കു വിട്ടു.
ഗോൾകീപ്പർ യുനെയ് സൈമണ് തട്ടിയകറ്റിയ പന്ത് നേരേ ക്ലോസ് റേഞ്ചിൽനിന്ന മാർക് ഗുയേഹിയുടെ ഹെഡർ പാകത്തിനായിരുന്നു. ഗുയേഹി ഹെഡറിലൂടെ പന്ത് വലയിലേക്കു തൊടുക്കുന്പോൾ ഗോൾകീപ്പർ തടയാൻ പാകത്തിന് എഴുന്നേറ്റുനിന്നിരുന്നില്ല. ഈ സമയത്ത്് സ്പെയിനിന്റെ രക്ഷകനായി ഡാനി ഓൾമോ ഗോൾ ലൈൻ സേവ് നടത്തി.
ഷൂട്ടൗട്ടില്ലാതെ സ്പെയിൻ
ടൂർണമെന്റിൽ ഒരിക്കൽപ്പോലും പെനാൽറ്റിയിലേക്കു മത്സരം നീട്ടതെ ട്രോഫി സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമാണ് സ്പെയിൻ. ഫ്രാൻസ് (2000), ഗ്രീസ് (2004) ടീമുകൾ മാത്രമേ ഈ നേട്ടം മുന്പ് കൈവരിച്ചിട്ടുള്ളൂ. ഈ ടൂർണമെന്റിൽ സ്പെയിനിന്റെ എല്ലാ ജയവും 90 മിനിറ്റിനുള്ളിലായിരുന്നു. ഒരു ടൂർണമെന്റിൽ ഷൂട്ടൗട്ടിലേക്കു നീട്ടാതെ ഏഴു മത്സരവും ജയിക്കുന്ന ആദ്യടീമും സ്പെയിനാണ്.
യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടു ഫൈനലുകൾ തോൽക്കുന്ന ആദ്യ ടീമെന്ന നാണക്കേടിലാണ് ഇംഗ്ലണ്ട്.
ലാ റോഹ റിക്കാർഡുകൾ
യൂറോ ചരിത്രത്തിൽ രണ്ടാം തവണയാണ് (2008, 2024) സ്പെയിൻ ഗ്രൂപ്പിലെ എല്ലാം മത്സരവും നോക്കൗട്ട് മത്സരങ്ങളും ജയിച്ച് ട്രോഫി നേടുന്നത്. ഫ്രാൻസും (1984) ഇറ്റലിയും (2020) ഓരോ തവണ ഈ നേട്ടം കൈവരിച്ചു. ഒരു ടൂർണമെന്റിൽ 15 ഗോൾ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ലൂയി ഡി ലാ ഫ്യുണ്ടോയുടെ ടീം സ്വന്തമാക്കി. 1984 യൂറോയിൽ ഫ്രാൻസ് നേടിയ 14 ഗോൾ റിക്കാർഡാണ് തകർത്തത്.
യമാൽ യുവതാരം
ലോകകപ്പിന്റെയോ യൂറോ കപ്പിന്റെയോ ഫൈനലിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡ് പതിനേഴുകാരനായ ലാമെയ്ൻ യമാൽ സ്വന്തമാക്കി. 1958ൽ ബ്രസീൽ ഇതിഹാസം പെലെ സ്ഥാപിച്ച റിക്കാർഡാണ് തിരുത്തിയത്.
ടൂർണമെന്റിൽ ഒരു ഗോൾ നേടുകയും നാലു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്ത യമാൽ ടൂർണമെന്റിന്റെ യംഗ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം നേടി. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റും ഈ പതിനേഴുകാരന്റെ പേരിലാണ്. സെമിയിൽ ഫ്രാൻസിനെതിരേ ഗോൾ നേടിയ താരം ഒരു പ്രധാന ടൂർണമെന്റിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
മെസി x യമാൽ
അർജന്റീന കോപ്പ അമേരിക്ക ചാന്പ്യന്മാരും സ്പെയിൻ യൂറോകപ്പ് ജേതാക്കളുമായതോടെ ഫൈനൽസിമയിൽ ലയണൽ മെസിയും ലമെയ്ൻ യമാലും തമ്മിലുള്ള മുഖാമുഖത്തിനാണ് വേദിയൊരുങ്ങുന്നത്.
കോപ്പ അമേരിക്ക ചാന്പ്യന്മാരും യൂറോ കപ്പ് ജേതാക്കളും ഏറ്റുമുട്ടുന്ന ഫൈനൽസിമ അടുത്തവർഷമായിരിക്കും നടക്കുക. കഴിഞ്ഞ തവണ ഇറ്റലിയെ തോൽപ്പിച്ച് അർജന്റീന ജേതാക്കളായി.
യമാലിനു മുന്നിൽ വീണത് വന്പന്മാർ
വെറുതെ വന്ന് ചാന്പ്യൻഷിപ് ഉയർത്തുകയല്ല യമാൽ ചെയ്തത്. ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ വന്പന്മാരും അൽബേനിയയും ഉള്ള യൂറോയിലെ മരണഗ്രൂപ്പ് എന്ന് അറിയപ്പെട്ട ഗ്രൂപ്പിൽനിന്ന് മൂന്നു ജയവുമായാണ് സ്പെയിനിന്റെ യുവസംഘം മുന്നേറിയത്.
ടീമിന്റെ വിജയങ്ങളിൽ പ്രധാനികളിൽ ഒരാളായിരുന്ന, കഴിഞ്ഞയാഴ്ച (ജൂലൈ 13) പതിനേഴ് തികഞ്ഞ യമാലിന്റെ മുന്നിൽ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ജർമനിയുടെ ടോണി ക്രൂസ്, ഫ്രാൻസിന്റെ കിലിയൻ എംബപ്പെ, ഫൈനലിൽ ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഗം, ഫിൽ ഫോഡൻ ഉൾപ്പെടെയുള്ള വൻനിരയാണ് തകർന്നുവീണത്.