സിംഹത്തെ വീഴ്ത്തി കടുവകൾ
Sunday, June 9, 2024 12:14 AM IST
ഡാളസ് (യുഎസ്എ): ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ കന്നിജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്കോർ: ശ്രീലങ്ക 124/9 (20). ബംഗ്ലാദേശ് 125/8 (19).
ഗ്രൂപ്പിൽ ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ്. ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും ലങ്ക പരാജയപ്പെട്ടിരുന്നു. ലങ്കയ്ക്കെതിരേ ടോസ് നേടിയ ബംംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഓപ്പണർ പതും നിസാങ്ക 28 പന്തിൽ 47 റണ്‍സുമായി ലങ്കയുടെ ടോപ് സ്കോററായി. ധനഞ്ജയ ഡിസിൽവയാണ് (21) ലങ്കൻ ഇന്നിംഗ്സിൽ 20നു മുകളിൽ റണ്‍സ് നേടിയ മറ്റൊരു ബാറ്റർ. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ (3/17), റിഷാദ് ഹൊസൈൻ (3/22) എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
തൗഹിദ് ഹൃഡോയ് (40), ലിറ്റണ്‍ ദാസ് (36), മുഹമ്മദുള്ള (16 നോട്ടൗട്ട്) എന്നിവർ ബംഗ്ലാദേശിനായി പോരാടി. മറ്റാരും ബംഗ്ല ഇന്നിംഗ്സിൽ രണ്ടക്കം കണ്ടില്ല എന്നതും ശ്രദ്ധേയം.