മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
Wednesday, April 17, 2024 2:29 AM IST
കോൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗിലൂടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ രാജസ്ഥാൻ റോയൽസിന് ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി.
സുനിൽ നരെയ്ന്റെ (109) സെഞ്ചുറിക്ക് ജോസ് ബട്ലറിന്റെ സെഞ്ചുറിയിലൂടെ രാജസ്ഥാൻ തിരിച്ചടിക്കുകയായിരുന്നു. 60 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 107 റൺസുമായി ബട്ലർ പുറത്താകാതെ നിന്നു. ഈ ഐപിഎല്ലിൽ ബട്ലറിന്റെ രണ്ടാം സെഞ്ചുറിയാണ്. സ്കോർ: കോൽക്കത്ത 223/6 (20). രാജസ്ഥാൻ 224/8 (20).സുനിൽ നരെയ്ൻ (109), അംക്രിഷ് രഘുവാൻഷി (30) എന്നിവർ കോൽക്കത്തയ്ക്കും വേണ്ടിയും ജോസ് ബട്ലർ (107 നോട്ടൗട്ട്), റിയാൻ പരാഗ് (34) എന്നിവർ രാജസ്ഥാനു വേണ്ടിയും തിളങ്ങി.
ഐപിഎൽ ചരിത്രത്തിൽ കന്നി സെഞ്ചുറി കുറിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനിൽ നരെയ്ൻ. രാജസ്ഥാൻ റോയൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കെകെആറിനു വേണ്ടി 56 പന്തിൽ 109 റണ്‍സ് നരെയ്ൻ നേടി. ആറ് സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു നരെയ്ന്റെ ഇന്നിംഗ്സ്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ബൗൾഡായാണ് നരെയ്ൻ മടങ്ങിയത്.
ഈ ഐപിഎൽ സീസണിൽ പിറക്കുന്ന അഞ്ചാമത് സെഞ്ചുറിയാണ്. വിരാട് കോഹ്ലി, ജോസ് ബട്ലർ, രോഹിത് ശർമ, ട്രാവിസ് ഹെഡ് എന്നിവർ ഈ സീസണിൽ ഇതിനോടകം സെഞ്ചുറി നേടിയിരുന്നു.