മാഞ്ചസ്റ്റർ ഡെർബി
Sunday, March 3, 2024 1:47 AM IST
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് മാഞ്ചസ്റ്റർ ഡെർബി. മാഞ്ചസ്റ്റർ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം.
ജയത്തോടെ കിരീടത്തോട് അടുക്കാനുള്ള ശ്രമത്തിലാണ് സിറ്റി. യുണൈറ്റഡിനെതിരേ കഴിഞ്ഞ അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നാലിലും സിറ്റി ജയിച്ചപ്പോൾ ഒരണ്ണം തോറ്റു. വിവിധ മത്സരങ്ങളിൽ ആറു കളിയിൽ അഞ്ചിലും സിറ്റിക്കായിരുന്നു ജയം.
പ്രീമിയർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിൽ എത്തിഹാദ് സ്റ്റേഡിയത്തിലെത്തിയപ്പോൾ പത്തു ഗോളുകളാണ് (4-1, 6-3) യുണൈറ്റഡ് വാങ്ങിക്കൂട്ടിയത്. സിറ്റി സ്റ്റേഡിയത്തിൽ തുടരുന്ന നാണക്കേടിന്റെ റിക്കാർഡ് ഒഴിവാക്കാനാണ് നിലവിൽ പോയിന്റ് നിലയിൽ ആറാം സ്ഥാനത്തുള്ള യുണൈറ്റഡിന്റെ ലക്ഷ്യം. ജനുവരി മുതൽ മറ്റേതൊരു പ്രീമിയർ ലീഗ് ടീമിനെയും പോലെ യുണൈറ്റഡ് മികച്ചതാണെന്നാണ് സിറ്റി പരിശീലകൻ പെപ് ഗാർഡിയോള പറഞ്ഞത്.
2024ൽ ഇതുവരെ ഒരു മത്സരം മാത്രമാണ് യുണൈറ്റഡ് തോറ്റത്. 90 മിനിറ്റുകളിൽ ഗോൾ നേടി ജയിക്കുന്ന പതിവ് യുണൈറ്റഡ് തുടർന്നുകൊണ്ടിരുന്നു. റാസ്മസ് ഹോയിലൻഡും സ്കോട് മാക്ടോമിനെയുമാണ് യുണൈറ്റഡിന്റെ ഗോളടി ആയുധങ്ങൾ.
എർലിംഗ് ഹാലൻഡ്, ഫിൽ ഫോഡൻ, കെവിൻ ഡി ബ്രുയിൻ എന്നിവരാണ് സിറ്റിയുടെ കരുത്ത്. പരിക്കിൽനിന്നു മോചിതനായി ഡി ബ്രുയിൻ ടീമിൽ തിരിച്ചെത്തിയശേഷം സിറ്റിയുടെ ആക്രമണം കൂടുതൽ ശക്തമായിട്ടുണ്ട്.