ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു തോൽവി
Tuesday, September 19, 2023 11:45 PM IST
ഹാംഗ്ഷൗ: ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കു വന്പൻ തോൽവി. ഗ്രൂപ്പ് എ പോരാട്ടത്തിൽ ചൈന ഒന്നിനെതിരേ അഞ്ചു ഗോളുകൾക്ക് ഇന്ത്യയെ പരാജയപ്പെടുത്തി.
ആദ്യപകുതിയിൽ മത്സരം 1-1 എന്ന നിലയിലായിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ചൈനീസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യ തകർന്നടിഞ്ഞു. രണ്ടാം പകുതിയിൽ നാലു ഗോളുകളാണ് ചൈന അടിച്ചുകൂട്ടിയത്. ചൈനക്കായി ടാവോ ക്വിയാംഗ്ലോംഗ് ഇരട്ട ഗോൾ നേടി.
മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽത്തന്നെ ചൈന ഇന്ത്യൻ ഗോൾമുഖത്ത് ഇരച്ചുകയറി. നിരവധി അവസരങ്ങൾ ചൈനീസ് മുന്നേറ്റനിര ആദ്യ മിനിറ്റുകളിൽ സൃഷ്ടിച്ചു. 15-ാം മിനിറ്റിൽ അവർ ആദ്യ ഗോളും നേടി. ഗാവോ ടിയാനിയാണു ലക്ഷ്യംകണ്ടത്. പിന്നാലെ ചൈനയ്ക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. എന്നാൽ ചൈനയുടെ നായകൻ ചെഞ്ചി സു എടുത്ത കിക്ക് ഗുർമീത് സിംഗ് തട്ടിയകറ്റി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ചൈനയെ ഞെട്ടിച്ച് മലയാളിതാരം രാഹുൽ കെ.പിയിലൂടെ ഇന്ത്യ സമനില ഗോൾ നേടി. മൈതാനമധ്യത്തിൽനിന്ന് അബ്ദുൾ റബീഹ് ഉയർത്തിനൽകിയ പന്തുമായി വലതുവിംഗിലൂടെ ഒറ്റയ്ക്കു മുന്നേറിയ രാഹുൽ ബുള്ളറ്റ് ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കി. 2010നുശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ ഗോളാണിത്.
രണ്ടാം പകുതിയിൽ ചൈന ആക്രമണം കടുപ്പിച്ചു. 51-ാം മിനിറ്റിൽ ഡായ് വെയ്ജുനിലൂടെ ചൈന രണ്ടാം ഗോളും നേടി.
72-ാം മിനിറ്റിലും തൊട്ടുപിന്നാലെയും ടാവോ ക്വിയാംഗ്ലോംഗ് രണ്ടുവട്ടം ലക്ഷ്യംകണ്ടതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. ഇഞ്ചുറി ടൈമിൽ ചൈന അഞ്ചാം ഗോൾകൂടി നേടിയതോടെ ഇന്ത്യയുടെ പതനം പൂർണം. ഫാംഗ് ഹാവോയുടെ വകയായിരുന്നു ചൈനയുടെ അവസാന ഗോൾ.
ഒരു ദിവസം പോലും പരിശീലനം നടത്താതെയാണ് ഇന്ത്യൻ ടീം കളിക്കാനിറങ്ങിയത്. ഐഎസ്എൽ ആരംഭിക്കാനിരിക്കേ ക്ലബ്ബുകൾ പ്രധാന താരങ്ങളെ വിട്ടുനൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് വളരെ വൈകിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. മുന്നൊരുക്കത്തിലെ അതൃപ്തി പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പരസ്യമാക്കിയിരുന്നു.
അന്താരാഷ്ട്ര ഫുട്ബോളിൽ ഇന്ത്യക്ക് ഇതുവരെ ഒരിക്കൽപ്പോലും ചൈനയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. റാങ്കിംഗിൽ താഴെയുള്ള ബംഗ്ലാദേശ്, മ്യാൻമർ ടീമുകൾക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങൾ.