എൽ ക്ലാസിക്കോയിൽ 100 ജയം തികച്ച് ബാഴ്സ
Tuesday, March 21, 2023 1:10 AM IST
ബാഴ്സലോണ: ലോക ക്ലബ് ഫുട്ബോളിലെ ആവേശപ്പോരാട്ടമായ എൽ ക്ലാസിക്കോയിൽ പിന്നിൽ നിന്നശേഷം എഫ്സി ബാഴ്സലോണ 2-1ന് റയൽ മാഡ്രിഡിനെ കീഴടക്കി.
സ്പാനിഷ് ലാ ലിഗയിൽ അരങ്ങേറിയ എൽ ക്ലാസിക്കോയിൽ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഫ്രാങ്ക് കെസിയെ നേടിയ ഗോളിലായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ഇതോടെ എൽ ക്ലാസിക്കോയിൽ എഫ്സി ബാഴ്സലോണ 100 ജയം തികച്ചു. ഈ സീസണിലെ നാലാം എൽ ക്ലാസിക്കോയ്ക്കാണു ബാഴ്സയുടെ തട്ടകമായ കാന്പ് നൗ സാക്ഷ്യം വഹിച്ചത്. ബാഴ്സയുടെ തുടർച്ചയായ മൂന്നാം എൽ ക്ലാസിക്കോ ജയമാണിത്.
മത്സരത്തിന്റെ ഒന്പതാം മിനിറ്റിൽ റൊണാൾഡ് അരൗജോയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് 1-0ന്റെ ലീഡ് നേടി. എന്നാൽ, ആദ്യപകുതിയുടെ അവസാനം സെർജി റോബർട്ടോ (45’) ബാഴ്സയെ ഒപ്പമെത്തിച്ചു. മത്സരം തീരാൻ 10 മിനിറ്റ് ശേഷിക്കേ റയൽ മാഡ്രിഡ് അസെൻസിയോയിലൂടെ ബാഴ്സയുടെ വല കുലുക്കി. എന്നാൽ, വിഎആറിലൂടെ റഫറി ഓഫ് സൈഡ് വിധിച്ചു.
100: ഒന്നാമൻ ബാഴ്സ
ചരിത്രത്തിൽ റയൽ മാഡ്രിഡിനെതിരേ 100 ജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് എഫ്സി ബാഴ്സലോണ. 241 മത്സരങ്ങളിൽ 76 ജയം നേടിയ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ബാഴ്സയ്ക്കു തൊട്ടുപിന്നിൽ. 253-ാം ഔദ്യോഗിക എൽ ക്ലാസിക്കോയായിരുന്നു കാന്പ് നൗവിൽ അരങ്ങേറിയത്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡ് 101 ജയം നേടിയിട്ടുണ്ട്.
ജയത്തോടെ 26 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബാഴ്സലോണ ലാ ലിഗ കിരീടത്തിലേക്ക് അടുക്കുന്നു. 56 പോയിന്റുമായി റയൽ മാഡ്രിഡാണു രണ്ടാം സ്ഥാനത്ത്.