യുവെ x ബാഴ്സ
Tuesday, October 27, 2020 11:59 PM IST
ടൂറിൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് സൂപ്പർ ടീമുകളുടെ കൊന്പുകോർക്കൽ. രണ്ടാം റൗണ്ട് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇറ്റാലിയൻ വന്പന്മാരായ യുവന്റസും സ്പാനിഷ് ശക്തിയായ ബാഴ്സലോണയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 1.30ന് യുവന്റസിന്റെ തട്ടകമായ ടൂറിനിലാണു പോരാട്ടം. ഫുട്ബോൾ ആരാധകർ കാത്തിരുന്ന ലയണൽ മെസി x ക്രിസ്റ്റ്യാനൊ റൊണാൾഡോ പോരാട്ടം പക്ഷേ, ഇന്നു നടക്കില്ലെന്നതാണു സങ്കടകരമായ വാർത്ത. യുവന്റസ് താരമായ റൊണാൾഡോ കഴിഞ്ഞയാഴ്ച നടത്തിയ രണ്ടാം പരിശോധനയിലും കോവിഡ് മുക്തനല്ലാത്തതാണ് കാരണം.
മത്സരത്തിന് 24 മണിക്കൂർ മുന്പ് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ലഭിക്കുന്ന താരങ്ങൾക്കേ കളത്തിലിറങ്ങാൻ സാധിക്കൂ. റൊണാൾഡോ ഇന്നുണ്ടാകില്ലെന്ന സൂചനയാണു യുവെ പരിശീലകൻ ആന്ദ്രേ പിർലോ നൽകുന്നത്.
ലയണൽ മെസിയെ മുൻനിർത്തി അണിനിരക്കുന്ന ബാഴ്സയ്ക്ക് ഇത് തിരിച്ചുവരവിന്റെ പോരാട്ടംകൂടിയാണ്. ലാ ലിഗയിൽ നടന്ന എൽ ക്ലാസിക്കോയിൽ ചിരവൈരികളായ റയൽ മാഡ്രിഡിനോടു സ്വന്തം തട്ടകത്തിൽവച്ച് ബാഴ്സ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു.ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ബാഴ്സയും യുവന്റസും ജയം നേടിയിരുന്നു.
ഫ്രഞ്ച് ശക്തിയായ പിഎസ്ജി, ഇംഗ്ലീഷ് ഗ്ലാമർ ടീമുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ ക്ലബ്ബുകളും ഇന്ന് രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിനു കളത്തിലുണ്ട്.