ചെസ് ലോകകപ്പ്: നിഹാൽ രണ്ടാം റൗണ്ടിലേക്ക്
Thursday, September 12, 2019 11:06 PM IST
തൃശൂർ: റഷ്യയിലെ ഹാൻറി മാൻസിസ്കിൽ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യൻ താരം ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ രണ്ടാം റൗണ്ടിൽ. പെറൂവിയൻ ഗ്രാൻഡ്മാസ്റ്റർ ജോർജ് കോറിയെയാണ് നിഹാൽ ഒന്നാംറൗണ്ടിലെ രണ്ടു മത്സരങ്ങളിലും തോല്പിച്ചത്.
ആദ്യ മൽസരത്തിൽ 57 കരുനീക്കങ്ങൾക്കൊടുവിലായിരുന്നു നിഹാലിന്റെ വിജയമെങ്കിൽ രണ്ടാം മത്സരത്തിൽ 29 നീക്കത്തിൽ ജേതാവായി. രണ്ടാം മത്സരത്തിൽ വെള്ളക്കരുവിന്റെ ആനുകൂല്യമില്ലാതെയാണ് നിഹാൽ കളിച്ചത്. അരങ്ങേറ്റ ചെസ് ലോകകപ്പാണ് തൃശൂർ സ്വദേശിയായ നിഹാൽ സരിന്റേത്. മലയാളിയായ എസ്.എൽ. നാരായണൻ ഒന്നാം റൗണ്ടിലെ ഒരു മത്സരത്തിൽ ജയിച്ചു. രണ്ടാമത്തേതിൽ തോറ്റു. ഒരു മത്സരത്തിൽകൂടി ജയിച്ചാലേ നാരായണനു രണ്ടാം റൗണ്ടിലേക്കു കടക്കാനാകൂ.