സസ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം ഉയർത്തിയേക്കും
Saturday, February 22, 2025 10:39 PM IST
ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സസ്യ എണ്ണകളുടെ ഇറക്കുമതിച്ചുങ്കം കേന്ദ്രസർക്കാർ ഉയർത്തിയേക്കും. നടപടി സ്വീകരിച്ചാൽ ഇത് ആറു മാസത്തിനിടെ രണ്ടാം തവണയാകും.
ആഭ്യന്തര എണ്ണക്കുരു വിലത്തകർച്ചയിൽ വലയുന്ന ആയിരക്കണക്കിന് കർഷകരെ സഹായിക്കാനുള്ള നടപടിയുടെ ഭാഗമായാണ് തീരുവ ഉയർത്താൻ ഒരുങ്ങുന്നതെന്നാണ്് റിപ്പോർട്ടുകൾ.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് പ്രാദേശിക സസ്യ എണ്ണയുടെയും എണ്ണക്കുരുക്കളുടെയും വില ഉയർത്തും. ഇറക്കുമതി ചെയ്യുന്ന പാമോയിൽ, സോയോയിൽ, സൂര്യകാന്തി എണ്ണ എന്നിവയുടെ ആവശ്യകത കുറയുകയും വിദേശവാങ്ങലുകൾ ചുരുങ്ങുകയും ചെയ്യും.
നികുതി ഉയർത്തുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല സമിതി കൂടിയാലോചനകൾ അവസാനിച്ചു. ഉടൻതന്നെ സർക്കാർ ഇറക്കുമതി നികുതി ഉയർത്തേക്കുമെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2024 സെപ്റ്റംബറിൽ രാജ്യം ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണയ്ക്ക് 20 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ ഉയർത്തി. ഈ പരിഷ്കരണത്തിനുശേഷം ക്രൂഡ് പാമോയിൽ, ക്രൂഡ് സോയോയിൽ, ക്രൂഡ് സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ മുന്‍പുണ്ടായിരുന്ന 5.5 ശതമാനത്തിൽനിന്ന് 27.5 ശതമാനമായി. ഈ മൂന്നിന്റെയും ശുദ്ധീകരിച്ച ഗ്രേഡുകൾക്ക് 35.75 ശതമാനമാണ് ഇറക്കുമതി തീരുവ.
തീരുവ വർധനയ്ക്കു ശേഷവും സോയാബീൻ വില സർക്കാർ നിശ്ചയിച്ച താങ്ങുവിലയേക്കാൾ 10% താഴെയാണ്. അടുത്ത മാസം പുതിയ സീസണിലേക്കുള്ള വിതരണം ആരംഭിക്കുന്നതോടെ ശൈത്യകാലത്ത് വിതയ്ക്കുന്ന റാപ്സീഡ് വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ആഭ്യന്തര സോയാബീൻ വില 100 കിലോയ്ക്ക് ഏകദേശം 4,300 രൂപയാണ്. സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 4,892 രൂപയേക്കാൾ കുറവാണിത്.
ഇറക്കുമതി തീരുവയിൽ ഉണ്ടായേക്കാവുന്ന വർധന കാരണം, മാർച്ച് മുതൽ ജൂണ്‍ വരെ ഡെലിവറി ചെയ്യാൻ ഷെഡ്യൂൾ ചെയ്ത 1,00,000 ടണ്‍ ക്രൂഡ് പാമോയിലിനുള്ള ഓർഡറുകൾ ഇന്ത്യൻ റിഫൈനർമാർ റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യ സസ്യ എണ്ണയുടെ മൂന്നിൽ രണ്ട് ഭാഗവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്ന് പാം ഓയിൽ വാങ്ങുന്നു. അതേസമയം അർജന്റീന, ബ്രസീൽ, റഷ്യ, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയോയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.