ട്രംപിന്റെ താരിഫ് വാർ
Wednesday, January 29, 2025 1:53 AM IST
വാഷിംഗ്ടൺ: അമേരിക്കയെ ദ്രോഹിക്കുന്ന രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്നതെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച ഫ്ലോറിഡ റിട്രീറ്റിൽ ഹൗസ് റിപ്പബ്ലിക്കന്മാരുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ ഖജനാവിലേക്കു പണം വരാനും അമേരിക്ക വീണ്ടും സമ്പന്നമാകാനും പോകുന്ന സംവിധാനം യുഎസ് സ്ഥാപിക്കും. വളരെ വേഗത്തിലത് സംഭവിക്കും’’ - ട്രംപ് കൂട്ടിച്ചേർത്തു.
നമുക്കു ദോഷം ചെയ്യുന്ന വിദേശരാജ്യങ്ങൾക്കും വിദേശികൾക്കും താരിഫ് ഏർപ്പെടുത്താൻ പോകുകയാണ്. അവർ അടിസ്ഥാനപരമായി അവരുടെ രാജ്യം നന്നാക്കാൻ ആഗ്രഹിക്കുന്നു. ചൈന ഒരു വലിയ താരിഫ് മേക്കർ ആണ്. ഇന്ത്യയും ബ്രസീലും മറ്റ് പല രാജ്യങ്ങളും അങ്ങനെതന്നെ. അത് അനുവദിക്കാനാവില്ല. മറ്റുരാജ്യങ്ങളുടെ താരിഫ് വർധിക്കുന്നതിനനുസരിച്ച് അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും മേലുള്ള നികുതി കുറയുകയും വൻതോതിൽ ഫാക്ടറികളും ജോലികളും നാട്ടിലേക്കു വരുകയും ചെയ്യും -ട്രംപ് പറഞ്ഞു.
താരിഫ് ഒഴിവാക്കണമെങ്കിൽ യുഎസിൽ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് കമ്പനികളോട് ട്രംപ് പ്രസംഗത്തിൽ ആവശ്യപ്പെട്ടു. നിങ്ങൾക്ക് നികുതിയോ താരിഫുകളോ ഒഴിവാക്കണമെങ്കിൽ അമേരിക്കയിൽത്തന്നെ നിങ്ങളുടെ പ്ലാന്റ് നിർമിക്കണം. ആരും മുമ്പ് സങ്കൽപ്പിച്ചതിലും കൂടുതൽ പ്ലാന്റുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് നിർമിക്കാൻ പോകുകയാണ്.
അമേരിക്കയിൽ പ്ലാന്റുകൾ നിർമിക്കുന്ന കമ്പനികളെ, പ്രത്യേകിച്ച് ഫാർമസ്യൂട്ടിക്കൽസ്, അർധചാലകങ്ങൾ, സ്റ്റീൽ തുടങ്ങിയ വ്യവസായങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസിലേക്കു കൂടുതൽ ഉത്പാദനം തിരികെ കൊണ്ടുവരാൻ, നമ്മുടെ ധാതുക്കളെ പാരിസ്ഥിതികമായി സ്വതന്ത്രമാക്കാൻ പോവുകയാണ്.
ലോകത്തെവിടെയും ഏറ്റവും മികച്ച ‘അപൂർവ ഭൂമി’ ഞങ്ങളുടെ പക്കലുണ്ട്. പക്ഷേ, പരിസ്ഥിതിവാദികൾ ആദ്യം അവിടെ എത്തുമെന്നതിനാൽ അവ ഉപയോഗിക്കാൻ നമുക്ക് അനുവാദമില്ലായിരുന്നു- ട്രംപ് കൂട്ടിച്ചേർത്തു.
മോദി ശരിയായതു ചെയ്യും
വാഷിംഗ്ടൺ: ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശരിയായ കാര്യം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയിൽ മോദി അമേരിക്ക സന്ദർശിച്ചേക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. തിങ്കളാഴ്ച താൻ മോദിയുമായി സംസാരിച്ചതായി ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അടുത്ത മാസം മോദി അമേരിക്ക സന്ദർശിച്ചേക്കും.
ഇന്ത്യയുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയവും സംസാരിച്ചു. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വിഷയത്തിൽ മോദി ശരിയായത് ചെയ്യും’’- ട്രംപ് പറഞ്ഞു.