ലബനൻ വെടിനിർത്തൽ നീട്ടി
Tuesday, January 28, 2025 1:12 AM IST
ബെയ്റൂട്ട്: ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ഫെബ്രുവരി 18 വരെ നീട്ടിയതായി അമേരിക്കയും ലബനനും അറിയിച്ചു. ഇക്കാലയളവിൽ ഇസ്രേലി അതിർത്തിയോടു ചേർന്ന ലബനീസ് പ്രദേശങ്ങളിലെ ഹിസ്ബുള്ള സാന്നിധ്യം പൂർണമായി അവസാനിപ്പിക്കും.ലബനനിൽ അധിനിവേശം തുടരുന്ന ഇസ്രേലി സേനയുടെ പിന്മാറ്റവും പൂർണമാകും.
നവംബർ 27ന് ആരംഭിച്ച വെടിനിർത്തൽ ധാരണ പ്രകാരം 60 ദിവസത്തിനകം ഇസ്രേലി സേന തെക്കൻ ലബനനിൽനിന്നു പിൻമാറേണ്ടതാണ്. ഞായറാഴ്ച ഈ കാലാവധി പൂർത്തിയായെങ്കിലും ഇസ്രേലി സേന ലബനനിൽ തുടരാൻ തീരുമാനിച്ചു. മേഖലയിൽ ഹിസ്ബുള്ള സാന്നിധ്യം തുടരുന്ന പശ്ചാത്തലത്തിലായിരുന്നിത്.
യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് അമേരിക്കയും ഫ്രാൻസും മുൻകൈെയെടുത്തു വെടിനിർത്തൽ നടപ്പാക്കിയത്. ഇസ്രേലി അതിർത്തിയോടു ചേർന്ന ലബനീസ് പ്രദേശങ്ങളിൽ ഹിസ്ബുള്ളയ്ക്കു പകരം ലബനനിലെ ഔദ്യോഗിക സേനയെ വിന്യസിക്കാനാണ് പദ്ധതി.
ഇതിനിടെ ഞായാറാഴ്ച തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെടുകയും 124 പേർക്കു പരിക്കേൽക്കുകയുമുണ്ടായി. യുദ്ധത്തിനിടെ തെക്കൻ ലബനനിൽനിന്നു പലായനം ചെയ്തവർ മടങ്ങിവരുന്പോഴാണ് ആക്രമണത്തിനിരയായത്.