ഫ്രാൻസ്, ബെൽജിയം എംബസികൾ ആക്രമിച്ചു
Wednesday, January 29, 2025 1:52 AM IST
ഗോമ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പ്രതിഷേധക്കാർ നിരവധി വിദേശരാജ്യങ്ങളുടെ എംബസികൾ ആക്രമിച്ചു. ഫ്രാൻസ്, ബെൽജിയം, റുവാണ്ട, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളുടെ എംബസികളാണ് ആക്രമിക്കപ്പെട്ടത്.
റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമതരുടെ മുന്നേറ്റത്തിനെതിരേയായിരുന്നു പ്രതിഷേധം. എംബസികളിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ കൊള്ളയും തീവയ്പും നടത്തി. പ്രതിഷേധക്കാർക്കു നേർക്ക് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
വിമതർക്കു സഹായം നല്കുന്ന റുവാണ്ടയ്ക്കെതിരേ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
കിഴക്കൻ നഗരമായ ഗോമയിലേക്ക് വിമതസേന മുന്നേറിക്കൊണ്ടിരിക്കുകയാണ്. 20 ലക്ഷം പേർ വസിക്കുന്ന ഗോമ പിടിച്ചടക്കിയെന്ന് വിമതർ അവകാശപ്പെട്ടു. അടച്ചിട്ടിരിക്കുന്ന ഗോമ വിമാനത്താവളത്തിൽ സ്ഫോടനങ്ങളുടെയും വെടിവയ്പിന്റെയും ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്.