റായ്പുർ വിമാനത്താവളത്തിലെ നാവിഗേഷൻ സംവിധാനത്തിന് ഇടിമിന്നലിൽ തകരാർ
Friday, September 12, 2025 3:48 AM IST
റായ്പുർ (ഛത്തീസ്ഗഡ്): റായ്പുർ സ്വാമി വിവേകാനന്ദ സ്വാമി വിമാനത്താവളത്തിലെ നാവിഗേഷൻ സംവിധാനം ഇടിമിന്നലേറ്റു തകരാറിലായി.
ഇതോടെ ഇതുവഴിയുള്ള വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി. റായ്പുരിലെത്തേണ്ട അഞ്ച് ഇൻഡിഗോ വിമാനങ്ങൾ നാഗ്പുർ, ഭുവനേശ്വർ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു.
വിമാനങ്ങളുടെ യാത്രാസ്ഥാനവും ലക്ഷ്യസ്ഥാനത്തിലെ ദിശയും നിർണയിക്കാൻ സഹായിക്കുന്ന ഹ്രസ്വദൂര റേഡിയോ നാവിഗേഷൻ സംവിധാനമായ ഡിവിഒആർ (ഡോപ്ലർ വിഎച്ച്ഫ് ഒമ്നിഡിറക്ഷണൽ റേഞ്ച്) ആണ് തകരാറിലായത്.