‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിക്കാൻ റെയിൽവേ
Sunday, August 10, 2025 2:16 AM IST
ന്യൂഡൽഹി: ഉത്സവസീസണിലെ തിരക്ക് ഒഴിവാക്കുന്നതു ലക്ഷ്യമിട്ട് ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിക്കാൻ റെയിൽവേ.
ഉത്സവസീസണിൽ ഒരേസമയം യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ടിക്കറ്റ് എടുക്കുന്പോൾ മടക്കയാത്രാ ടിക്കറ്റിന് 20 ശതമാനം ഇളവ് നൽകുന്ന പദ്ധതിയാണ് അവതരിപ്പിക്കുന്നത്.
ഒക്ടോബർ 13 മുതൽ 26 വരെയുള്ള യാത്രയ്ക്കും നവംബർ 17 മുതൽ ഡിസംബർ ഒന്നുവരെയുള്ള മടക്കയാത്രയ്ക്കും ഒരേ ക്ലാസിലും പാതയിലുമുള്ള സ്ഥിരീകരിച്ച ടിക്കറ്റുകൾക്കാണ് ഇളവ് ലഭിക്കുക. ഈ മാസം 14 മുതൽ റെയിൽവേയുടെ ബുക്കിംഗ് വെബ്സൈറ്റിലെ ‘കണക്ടിംഗ് ജേർണി ഫീച്ചർ’ വഴി ഈ ടിക്കറ്റുകൾ ലഭ്യമാകും.
ആവശ്യകതയനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന (ഡൈനാമിക് പ്രൈസ് റേറ്റ്) ട്രെയിനുകളിൽ ഈ ഇളവ് ലഭിക്കില്ല. ഇരുവശത്തേയ്ക്കുള്ള ടിക്കറ്റുകൾ ഒരാളുടെ പേരിൽത്തന്നെ ബുക്ക് ചെയ്യണം.
വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റിന് ഇളവ് ലഭിക്കില്ല. പദ്ധതിപ്രകാരം ടിക്കറ്റ് എടുക്കുന്നവർക്ക് റീഫണ്ട് ലഭിക്കില്ല. പരീക്ഷണാടിസ്ഥാനത്തിലാണു ‘റൗണ്ട് ട്രിപ്പ് പാക്കേജ്’ അവതരിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നത്.