മോദി അധിക്ഷേപം: കോൺഗ്രസിനെതിരേ പ്രതിഷേധം
Saturday, August 30, 2025 2:53 AM IST
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരേ മോശം പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ബിജെപി പ്രതിഷേധം.
ബിഹാറിലെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതായാണ് ആരോപണം. കോൺഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി പ്രവർത്തകർ പ്രതിഷേധമാർച്ച് നടത്തി.
ബിജെപി-കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. എന്നാൽ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സത്യത്തിനും അഹിംസയ്ക്കും മുന്നിൽ അക്രമവും അസത്യവും ജയിക്കില്ലെന്നും രാഹുൽ എക്സ് പോസ്റ്റിൽ പറഞ്ഞു.
ആരെങ്കിലും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അപലപനീയമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പറഞ്ഞു. എന്നാൽ, കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും സംഭവവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. പാർട്ടി ആസ്ഥാനത്തിനു നേരേയുണ്ടായ ആക്രമണം നിന്ദ്യമായ പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ മോദിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിഹാർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
ദാർഭംഗയിലെ സിംഗ്വാര സ്വദേശി മുഹമ്മദ് റിസ്വിയാണ് (20) അറസ്റ്റിലായത്. ബിജെപി ദർഭംഗ ജില്ലാ പ്രസിഡന്റ് ആദിത്യ നാരായൺ ചൗധരിയുടെ പരാതിയിലാണ് അറസ്റ്റ്.