ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; അഞ്ചു മരണം
Saturday, August 30, 2025 2:53 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും അഞ്ചു പേർ മരിച്ചു. 11 പേരെ കാണാതായി. നാൽപ്പതോളം കുടുംബങ്ങൾ അവശിഷ്ടങ്ങളിൽ കുടുങ്ങി. അനവധി വീടുകൾ തകർന്നു.
ചമോലി, രുദ്രപ്രയാഗ്, തെഹ്രി, ബാഗേശ്വർ ജില്ലകളിലാണ് മേഘവിസ്ഫോടനം നാശം വിതച്ചത്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഡിഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.
ബാഗേശ്വർ ജില്ലയിൽ മാത്രം രണ്ടു പേർ മരിച്ചു. മൂന്നു പേരെ കാണാതായി. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. രുദ്രപ്രയാഗ് ജില്ലയിലെ തൽജമാൻ ഗ്രാമത്തിൽ നാൽപ്പതോളം കുടുംബങ്ങൾ അവശിഷ്ടങ്ങളിൽ കുടുങ്ങിയെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി (യുഎസ്ഡിഎംഎ) അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് അളകനന്ദ, മന്ദാകിനി നദികളിൽ ജലനിരപ്പ് വൻതോതിൽ ഉയർന്നു. മണ്ണിടിച്ചിലിനെത്തുടർന്ന് ബദ്രിനാഥ് ദേശീയപാതയിൽ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസമുണ്ടായി. ഏക്കറുകണക്കിനു കൃഷി നശിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ബാഗേശ്വർ, ചമോല, ഡെറാഡൂൺ, രുദ്രപ്രയാഗ് ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് പ്രവചനം.