ബിഹാർ എസ്ഐആർ; ഹർജി തിങ്കളാഴ്ച പരിഗണിക്കും
Saturday, August 30, 2025 2:53 AM IST
ന്യൂഡൽഹി: ബിഹാറിൽ കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുള്ള സമയപരിധി നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തിന്റെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) ഭാഗമായി കരട് വോട്ടർപട്ടികയിൽനിന്നു പുറത്തായവർക്ക് അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ച സമയപരിധി സെപ്റ്റബർ ഒന്നുവരെയാണ്. എന്നാൽ, അവകാശവാദങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സമയപരിധി നീട്ടാൻ തെരഞ്ഞെടുപ്പു കമ്മീഷനോടു നിർദേശിക്കണമെന്നാവശ്യപ്പെട്ടു രാഷ്ട്രീയജനതാദൾ (ആർജെഡി), കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ തുടങ്ങിയ പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിഷയത്തിൽ അടിയന്തരവാദം ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച വിഷയം പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കരട് വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത വോട്ടർമാർക്ക് അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടാൻ തെരഞ്ഞെടുപ്പു കമ്മീഷനോടു നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഈ വിഷയവുമായി എന്തുകൊണ്ട് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചില്ലെന്നു ബെഞ്ച് ചോദിച്ചു. കമ്മീഷനെ സമീപിച്ചെന്നും സമയപരിധി നീട്ടാൻ അവർ തയാറാകുന്നില്ലെന്നുമാണ് ഹർജിക്കാർ നൽകിയ മറുപടി.
വോട്ടർപട്ടികയിൽ ഇടം നേടുന്നതിന് ആധാർ കാർഡ് സമർപ്പിക്കാമെന്ന് കഴിഞ്ഞ 22ലെ സുപ്രീംകോടതി ഉത്തരവിനുശേഷം അവകാശവാദങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നു. 22ന് 84305 വോട്ടർമാർ അവകാശവാദങ്ങളുമായി എത്തിയെങ്കിലും അഞ്ചു ദിവസത്തിനുശേഷം കഴിഞ്ഞ 27ന് 1,78,948 ആയി ഉയർന്നുവെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.