ഭീകരാക്രമണം: പഹൽഗാം തെരഞ്ഞെടുത്തത് ഒറ്റപ്പെട്ട കേന്ദ്രമായതിനാൽ
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി: ഒറ്റപ്പെട്ട പ്രദേശം, കൂടുതൽ വിനോദസഞ്ചാരികളുടെ സാന്നിധ്യം എന്നിവ മൂലമാണ് ആക്രമണത്തിനായി പഹൽഗാമിലെ പ്രകൃതിരമണീയമായ ബൈസരൺ താഴ്വര ഭീകരർ തെരഞ്ഞെടുത്തതെന്ന് എൻഐഎ.
ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ മൂന്നുഭീകരർ നേരിട്ട് പങ്കെടുത്തുവെന്നും കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാസേന പ്രത്യാക്രമണത്തിന് എടുക്കുന്ന സമയവും ഭീകരർ പരിഗണിച്ചിരുന്നു-എൻഐഎ പറഞ്ഞു.
അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ ജൂണിൽ എൻഐഎ പിടികൂടിയിരുന്നു. ആക്രമണത്തിൽ പങ്കെടുത്തുവെന്ന് കരുതുന്ന മൂന്ന് ഭീകരർക്കു താമസസൗകര്യം ഒരുക്കിയ ബാറ്റ്കോട്ട് സ്വദേശി പർവായിസ് അഹമ്മദ് ജോഥർ, പഹൽഗാം സ്വദേശി ബഷിർ അഹമ്മദ് ജോഥർ എന്നിവരെയാണു പിടികൂടിയത്.
പാക്കിസ്ഥാനിൽനിന്നുള്ള ലഷ്കർ ഇ ത്വയ്ബ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവർ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ മൂന്നു ഭീകരരും ജൂലൈ 28ന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു.