മോദിയുടെ ജനപ്രീതിയിൽ ഇടിവെന്ന് സർവേ
Saturday, August 30, 2025 2:53 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ ഇടിവെന്ന് സർവേ. ഇന്ത്യ ടുഡേ -സി വോട്ടർ മൂഡ് ഓഫ് ദ നേഷൻ സർവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരിയിൽ ഇതേ ഏജൻസിയുടെ സർവേയിൽ മോദിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടത് 62 ശതമാനം പേരായിരുന്നു. പുതിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു. ആറുമാസത്തിനിടെ നാലു ശതമാനം കുറവ്.
എൻഡിഎ സർക്കാരിന്റെ പ്രകടനത്തിലും ഇടിവുണ്ടായി. സർക്കാരിന്റെ പ്രവർത്തനം മികച്ചതെന്ന് ഫെബ്രുവിയിൽ 62.1 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഓഗസ്റ്റിൽ അത് 52.4 ആയി കുറഞ്ഞു. അതായത്, സർക്കാരിന്റെ ജനപ്രീതി ആറു മാസത്തിനിടെ പത്തു ശതമാനം ഇടിഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ മൂന്നാം ടേമിലെ ഇതുവരെയുള്ള പ്രകടനം മികച്ചത് എന്ന് 34.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഫെബ്രുവരിയിൽ 36.1 ശതമാനം പേരായിരുന്നു സമാന അഭിപ്രായം പ്രകടിപ്പിച്ചത്.
മോദിയുടെ പ്രകടനം നല്ലത് എന്നാണ് 23.8 ശതമാനം പേരും ശരാശരിയെന്ന് 12.7 ശതമാനം പേരും വിലയിരുത്തുന്പോൾ പ്രകടനം മോശമാണെന്നാണു 12.6 ശതമാനം പേരുടെ അഭിപ്രായം. മോദിയുടെ പ്രകടനം വളരെ മോശമാണെന്ന് 13.8 ശതമാനം പേർപറയുന്നു. ജൂലൈ ഒന്നിനും ഓഗസ്റ്റ് 14നും ഇടയിലാണ് സർവേ നടത്തിയത്.