രൂപ കൂപ്പുകുത്തി
Saturday, August 30, 2025 2:53 AM IST
മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയിൽ. യുഎസിലേക്കുള്ള ഇന്ത്യയുടെ ഇറക്കുമതിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് രൂപയുടെ കൂപ്പുകുത്തൽ.
87.73ൽ വ്യാപാരം തുടങ്ങിയ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കു വീണു. രൂപയുടെ മൂല്യം 88.33ലേക്ക് കൂപ്പുകുത്തി. രൂപയുടെ മൂല്യം 88ലേക്ക് ഇടിഞ്ഞതും ആദ്യമായാണ്. ഇതോടെ റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽനിന്നു ഡോളർ വലിയതോതിൽ വിറ്റഴിച്ചാണു രൂപയെ രക്ഷിച്ചത്.
അവസാനം 61 പൈസ നഷ്ടത്തിൽ 88.19ൽ വ്യാപാരം പൂർത്തിയാക്കി. രൂപയ്ക്ക് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തകർച്ച ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 87.95 ആയിരുന്നു. ഓഹരിവിപണി തുടർച്ചയായ മൂന്നാം സെഷനിലും നഷ്ടത്തിലായി.