ജിഎസ്ടി പരിഷ്കരണം; നഷ്ടം നികത്താൻ അഞ്ചു വർഷത്തേക്ക് നഷ്ടപരിഹാരം വേണമെന്നു സംസ്ഥാനങ്ങൾ
Saturday, August 30, 2025 2:53 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജിഎസ്ടി പരിഷ്കരണം പ്രതിവർഷം രണ്ടു ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാക്കുമെന്നും ഇതു പരിഹരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും അഞ്ചു വർഷത്തേക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടും.
കേരളം, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, കർണാടക, പഞ്ചാബ്, തമിഴ്നാട്, തെലുങ്കാന, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിലാണു ജിഎസ്ടി പരിഷ്കരണംമൂലം സംസ്ഥാനങ്ങൾ നേരിട്ടേക്കാവുന്ന സാന്പത്തിക നഷ്ടങ്ങൾ ചർച്ചയായത്.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാരെ ഉൾപ്പെടുത്തി അടുത്തമാസം മൂന്ന്, നാല് തീയതികളിൽ നടക്കുന്ന ജിഎസ്ടി കൗണ്സിൽ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. അധിക തീരുവ ഈടാക്കുന്നതിൽനിന്നുള്ള വരുമാനം സംസ്ഥാനങ്ങൾക്കിടയിൽ വീതിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു.
സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം കണക്കാക്കുന്നതിന് 2024-25 സാന്പത്തികവർഷം അടിസ്ഥാനവർഷമായി കണക്കാക്കണം. പരസ്പര സഹകരണത്തിലും ഫെഡറൽ സംവിധാനത്തിലും അധിഷ്ഠിതമായാണു ജിഎസ്ടി ചട്ടക്കൂട് നിർമിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ ഘടന ലളിതമാക്കുന്നതിനുള്ള പരിഷ്കാരങ്ങൾ സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കരുത്.
മതിയായ മുൻകരുതലുകളും സുരക്ഷാ നടപടികളുമില്ലാതെ കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ ഗുരുതര നഷ്ടമുണ്ടാകുമെന്നും സാന്പത്തിക അസന്തുലിതാവസ്ഥ വർധിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി. 5, 12, 18, 28 എന്നിങ്ങനെ നിലവിലുള്ള ജിഎസ്ടി സ്ലാബിനു പകരം 5,18 എന്ന ഘടനയിലേക്കു മാറ്റാനാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്.
ജിഎസ്ടി പരിഷ്കരണം സാധാരണക്കാരിലെത്തണം
കേന്ദ്രസർക്കാർ നിർദേശിക്കുന്ന ജിഎസ്ടി പരിഷ്കരണം സാധാരണക്കാരിലേക്ക് എത്തുമെന്ന് ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിനുശേഷം ഡൽഹി കേരള ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനസർക്കാരുകൾക്ക് വരുന്ന നഷ്ടത്തിന് കേന്ദ്രം സംരക്ഷണം നൽകണം.
മറിച്ചാണെങ്കിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കും. ജിഎസ്ടി സ്ലാബുകൾ രണ്ടായി കുറച്ചുള്ള കേന്ദ്ര പരിഷ്കരണത്തിലൂടെ കേരളത്തിനു വർഷം 8000 മുതൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകും.
നികുതി കുറയ്ക്കുന്നതിന് എതിരല്ല. മുൻകാലങ്ങളിൽ ഇത്തരം നടപടികളുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.