കാഷ്മീരിൽ വധിച്ച പാക് ഭീകരരിൽ "മനുഷ്യ ജിപിഎസ്' ബാഗു ഖാനും
Sunday, August 31, 2025 2:08 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ കഴിഞ്ഞയാഴ്ച ഇന്ത്യൻ സേന വധിച്ച രണ്ടു പാക് ഭീകരരിലൊരാൾ മനുഷ്യ ജിപിഎസ് (ഹ്യൂമൻ ജിപിഎസ്) എന്നറിയപ്പെടുന്ന ബാഗു ഖാൻ ആണെന്ന് തിരിച്ചറിഞ്ഞു.
1995 മുതൽ നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ ഉൾപ്പെട്ട ഭീകരനാണു ബാഗു ഖാൻ. ഹിസ്ബുൾ മുജാഹിദീൻ എന്ന പാക് ഭീകരസംഘടനയുടെ കമാൻഡറായി പ്രവർത്തിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിയായ "സമുന്ദർ ചാച്ച’എന്നും അറിയപ്പെട്ടിരുന്ന ബാഗു ഖാന് ഇന്ത്യയിലേക്കുള്ള എല്ലാ നുഴഞ്ഞുകയറ്റ വഴികളും അറിയാമായിരുന്നു.
അതിനാലാണ് ഇയാൾ ഹ്യൂമൻ ജിപിഎസ് എന്നറിയപ്പെട്ടത്. ഹിസ്ബുൾ കമാൻഡറായിരുന്നപ്പോൾ നിയന്ത്രണ രേഖയിലൂടെയുള്ള നിരവധി നുഴഞ്ഞുകയറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇയാൾ എല്ലാ ഭീകരസംഘടനകളെയും സഹായിച്ചു.
പാക് അധീന കാഷ്മീർ ആസ്ഥാനമായി 30 വർഷമായി പ്രവർത്തിച്ചിരുന്ന ഇയാളുടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് അടക്കമുള്ള തിരിച്ചറിയൽ കാർഡ് ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കിട്ടി. ഇയാളോടൊപ്പം കൊല്ലപ്പെട്ട പാക്കിസ്ഥാൻകാരനായ രണ്ടാമത്തെ ഭീകരനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ 23ന് നിയന്ത്രണരേഖയിൽ ജമ്മു കാഷ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നുഴഞ്ഞുകയറ്റശ്രമത്തിനിടെയാണു സുരക്ഷാസേന രണ്ടു ഭീകരരെയും വധിച്ചത്. മൂന്നു പതിറ്റാണ്ടോളമായി പിടിക്കപ്പെടാതെ നുഴഞ്ഞുകയറ്റം നടത്തിയിരുന്നയാളാണ് ഒടുവിൽ വെടിയേറ്റു കൊല്ലപ്പെട്ടത്.
ഗുരേസ് പ്രദേശത്തിന്റെ ദുർഘടമായ ഭൂപ്രകൃതിയെക്കുറിച്ചും രഹസ്യവഴികളെക്കുറിച്ചും സൂക്ഷ്മമായ അറിവ് ബാഗുവിനുണ്ടായിരു ന്നു. ഇത് എല്ലാ ഭീകര ഗ്രൂപ്പുകൾക്കും ഇയാളെ പ്രിയങ്കരനാക്കി. നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കാഷ്മീർ പോലീസ് നൽകിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
സൈന്യവും ജമ്മു കാഷ്മീർ പോലീസും ഗുരേസ് മേഖലയിൽ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നുഴഞ്ഞുകയറ്റക്കാരെ സൈന്യം വെല്ലുവിളിച്ചതോടെ ഭീകരർ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് കരസേന വ്യക്തമാക്കി. തുടർന്നുള്ള വെടിവയ്പിൽ രണ്ടു ഭീകരരെയും നിർവീര്യമാക്കി.
ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച മറ്റു രണ്ടു ഭീകരരെ കഴിഞ്ഞ 21ന് സൈന്യം വെടിവച്ചു കൊലപ്പെടുത്തി. രണ്ടു ദിവസത്തിനുശേഷമാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ നൗഷേര നാർ നാലിന്റെ ഭാഗമായി നൗഷേര നാറിനു സമീപമായിരുന്നു ഏറ്റുമുട്ടൽ.