സുപ്രീംകോടതിയിലെ അംഗബലം പൂർണതോതിൽ
Saturday, August 30, 2025 2:53 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ അംഗബലം അതിന്റെ പൂർണതയിലെത്തി. ജസ്റ്റീസുമാരായ അലോക് ആരാധെയും വിപുൽ പഞ്ചോളിയും സത്യപ്രതിജ്ഞ ചെയ്തതതോടെയാണു ജഡ്ജിമാരുടെ ആകെ എണ്ണമായ 34ൽ എത്തിയത്.
ഇവരിൽ ജസ്റ്റീസ് ബി.വി. നാഗരത്ന മാത്രമാണ് ഏക വനിതാ ജഡ്ജി. സീനിയോറിറ്റി തത്വം പാലിച്ചാൽ 2027 സെപ്റ്റബർ 25 മുതൽ 36 ദിവസത്തേക്ക് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റീസായി നാഗരത്ന ചരിത്രം സൃഷ്ടിക്കും.
സുപ്രീംകോടതി കൊളീജിയത്തിലെ അംഗമായ ജസ്റ്റീസ് നാഗരത്നയുടെ വിയോജിപ്പ് അവഗണിച്ചാണ് ജസ്റ്റീസ് വിപുൽ എം. പഞ്ചോളിയെ സുപ്രീംകോടതിയിലേക്ക് ഉയർത്തിയത്.
സീനിയോറിറ്റിയനുസരിച്ച് 57-ാം സ്ഥാനത്തുള്ള ജസ്റ്റീസ് പഞ്ചോളിയെ സുപ്രീംകോടതിയിലേക്കു പരിഗണിക്കുന്നത് കൊളീജിയത്തിന്റെ നിലവിലെ വിശ്വാസ്യത നഷ്ടപ്പെടുമെന്നതടക്കമുള്ള കടുത്ത എതിർപ്പാണ് ജസ്റ്റീസ് നാഗരത്ന കൊളീജിയത്തെ അറിയിച്ചത്. കൊളീജിയത്തിലെ വിയോജിപ്പ് ഇതിനോടകം വലിയ ചർച്ചയാണ്.
ജസ്റ്റീസ് പഞ്ചോളിയേക്കാൾ സീനിയർമാരായ മൂന്ന് വനിതാ ഹൈക്കോടതി ജഡ്ജിമാർ സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടാൻ യോഗ്യരായിരുന്നു. എന്നാൽ, ഇവരെ അവഗണിച്ചാണു കൊളീജിയത്തിന്റെ നടപടിയെന്ന വിമർശനവും ഉയരുന്നുണ്ട്.