100-ാം വയസിൽ നഷ്ടപ്പെട്ടത് 129 ലക്ഷം!; തട്ടിപ്പിനിരയായത് റിട്ട. നേവി ഉദ്യോഗസ്ഥൻ
Friday, August 29, 2025 1:15 AM IST
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന്റെ പേരിൽ റിട്ട. നേവി ഉദ്യോഗസ്ഥനു നഷ്ടപ്പെട്ടത് 1.29 കോടി രൂപ. ഉത്തർപ്രദേശിലെ ലക്നോ സ്വദേശിയായ ഹർദേവ് സിംഗ്(100) ആണു തട്ടിപ്പിനിരയായത്. ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന തട്ടിപ്പുകാർ ആറു ദിവസമാണ് ഇദ്ദേഹത്തെ പുറംലോകവുമായി ബന്ധപ്പെടാൻ സമ്മതിക്കാതിരുന്നത്. കഴിഞ്ഞ 20നായിരുന്നു സംഭവങ്ങളുടെ തുടക്കം.
അജ്ഞാത നമ്പറിൽനിന്ന് സിബിഐ ഉദ്യോഗസ്ഥൻ അലോക് സിംഗ് ആണെന്ന വ്യാജേന വീഡിയോ കോൾ വഴി വിളിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞ് വയോധികനെ കബളിപ്പിക്കുകയുമായിരുന്നു. ഡിജിറ്റൽ അറസ്റ്റിന്റെ മറവിൽ ആരെയും അറിയിക്കാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാതെ ഹർദേവിനെ ഒറ്റപ്പെടുത്താനും നിരന്തരം ഫോണിൽ സംസാരിക്കാനും നിർബന്ധിതനാക്കി.
മകനും റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സുരീന്ദർ പാൽ സിംഗ് മകൻ സുരീന്ദർ പാൽ സിംഗ് വീട്ടിലെത്തിയപ്പോൾ കാര്യങ്ങൾ ഹർദേവ് സിംഗ് പറഞ്ഞു. ജോയിന്റ് അക്കൗണ്ട് വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന തട്ടിപ്പുകാരന്റെ ആവശ്യങ്ങൾക്ക് അവർ വഴങ്ങി. പിന്നാലെ വിവിധ ദിവസങ്ങളിലായി ആർടിജിഎസ്, എൻഇഎഫ്ടി വഴി 32 ലക്ഷം, 45 ലക്ഷം, 52 ലക്ഷം എന്നിങ്ങനെയുള്ള തുകകൾ ഭാവ്നഗർ, ഗോവ, ജൽഗാവ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്ക് കൈമാറി. വെരിഫിക്കേഷൻ പൂർത്തിയായാൽ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നാണു തട്ടിപ്പ് മനസിലായത്. പിന്നീട് പോലീസിനെ സമീപിച്ചെങ്കിലും തട്ടിപ്പുകാരെ കണ്ടെത്താനായിട്ടില്ല.
സൈബർ കുറ്റവാളികൾ ഇരകളുടെ ഭയവും വിശ്വാസവും മുതലെടുത്തതായി കേസ് അന്വേഷിക്കുന്ന ഉത്തർപ്രദേശ് ഡിസിപി രവീണ ത്യാഗി പറഞ്ഞു. അടുത്തിടെ സൈബർ തട്ടിപ്പുകാർ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തി മൂന്നുകോടി രൂപ കൈക്കലാക്കിയിരുന്നു.
ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പിനെക്കുറിച്ച് സർക്കാരും സർക്കാർ ഏജൻസികളും നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ ഇപ്പോഴും ഇതിന് ഇരയാകാറുണ്ടെന്നാണു കണ്ടെത്തൽ.