മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ സംഭവം; മരണം 17 ആയി
Friday, August 29, 2025 1:15 AM IST
മുംബൈ: മഹാരാഷ്ട്രയില്‍ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 17 ആയി. പാല്‍ഘറിലെ വിരാര്‍ ഈസ്റ്റിലുള്ള രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച പുലർച്ചെ 12.05ഓടെ തകർന്നുവീണത്. പരിക്കേറ്റവരെ വസായ് വിരാറിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നാലാം നിലയില്‍ ഒരു വയസുള്ള പെൺകുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെയാണ് കെട്ടിടത്തിന്റെ ഒരു വശത്തുള്ള 12 ഫ്ളാറ്റുകള്‍ തകര്‍ന്നുവീണത്. അപകടത്തിൽ കുഞ്ഞും മരിച്ചതായി അധികൃതർ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ താമസക്കാരും അതിഥികളും കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വസായ് വിരാര്‍ മുനിസിപ്പല്‍ കോര്പറേഷന് (വിവിഎംസി) പരാതി നല്‍കിയതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അനുശോചനം അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.