മറാഠകൾക്ക് സംവരണം: മനോജ് ജരാങ്കെ നിരാഹാരസമരത്തിൽ
Saturday, August 30, 2025 2:53 AM IST
മുംബൈ: മഹാരാഷ്ട്രയിലെ മറാഠ വിഭാഗത്തിന് ഒബിസി ക്വോട്ടയിൽ പത്തു ശതമാനം സംവരണം ആവശ്യപ്പെട്ട് മറാഠ സംവരണപ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ മുംബൈ ആസാദ് മൈതാനത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാതെ മുംബൈ വിട്ടുപോകില്ലെന്ന് ജരാങ്കെ പ്രഖ്യാപിച്ചു. അതേസമയം, ചർച്ചയ്ക്കു തയാറാണെന്നു സർക്കാർ അറിയിച്ചു.
ജരാങ്കെയുടെ ആയിരക്കണക്കിന് അനുയായികൾ ഇന്നലെ ആസാദ് മൈതാനത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ പത്തിനാണു ജരാങ്കെ നിരാഹാരസമരം ആരംഭിച്ചത്. സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും മുംബൈ നിവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്നും അനുയായികളോട് ജരാങ്കെ ആവശ്യപ്പെട്ടു.
ഇന്നും നാളെയും സമാധാനപരമായി സമരം നടത്താൻ മുംബൈ പോലീസ് ജരാങ്കെയ്ക്ക് അനുമതി നല്കിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിന് 1500 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
മഠാഠ്വാഡയിലെ ബീഡിൽനിന്നുള്ള എൻസിപി (എസ്പി) എംപി ബജ്രംഗ് സോനാവാനെ, ബീഡ് എംഎൽഎ സന്ദീപ് ക്ഷീർസാഗർ, പർഭനിയിലെ ശിവസേന (ഉദ്ധവ്) എംപി സഞ്ജയ് ജാദവ്, അജിത് പവാർ പക്ഷ എംഎൽഎമാരായ പ്രകാശ് സോളങ്കെ, വിജയ് സിംഗ് പണ്ഡിറ്റ് എന്നിവർ ഇന്നലെ മുംബൈയിലെത്തി ജരാങ്കെയെ കണ്ടു.
സംവരണ പ്രക്ഷോഭം ഏറ്റവും കത്തിനിൽക്കുന്ന മറാഠ്വാഡയിലെ ജൽന സ്വദേശിയാണ് നാൽപ്പത്തിമൂന്നുകാരനായ മനോജ് ജരാങ്കെ.
മറാഠകൾക്ക സംവരണം നല്കുന്നതിനെ സംസ്ഥാനത്തെ പ്രബലമായ ഒബിസി വിഭാഗം എതിർക്കുന്നു.