മൗലികാവകാശ ലംഘനം; കേന്ദ്രത്തിനെതിരേ കോടതിയെ സമീപിക്കാനാകില്ല
Friday, August 29, 2025 1:15 AM IST
ന്യൂഡൽഹി: മൗലികാവകാശ ലംഘനത്തിന്റെ പേരിൽ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രസർക്കാരിനെതിരേ കോടതികളെ സമീപിക്കാനാകില്ലെന്നു കേന്ദ്രസർക്കാർ സുപീംകോടതിയിൽ.
ഈ വിഷയത്തിൽ രാഷ്ട്രപതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടറിയാൻ ആഗ്രഹിക്കുന്നതായും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനസർക്കാരുകൾക്ക് സുപ്രീംകോടതിയെ സമീപിക്കാമോ എന്ന രാഷ്ട്രപതി പരമർശത്തിലെ ചോദ്യങ്ങൾ ഭരണഘടനാ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ രാഷ്ട്രപതി ആഗ്രഹിക്കുന്നതായാണു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ അറിയിച്ചത്.
മൗലികാവകാശ ലംഘനമുണ്ടായാൽ ഒരു പൗരന് നേരിട്ടു സുപ്രീംകോടതിയെ സമീപിക്കാമെന്നാണു ഭരണഘടനയുടെ ആർട്ടിക്കിൾ 32 വ്യക്തമാക്കുന്നത്. ഇത്തരത്തിൽ കേന്ദ്രസർക്കാരിനെതിരേ സംസ്ഥാന സർക്കാരുകൾക്ക് കോടതിയെ സമീപിക്കാൻ സാധിക്കുമോയെന്ന് രാഷ്ട്രപതിയുടെ 14 പരാമർശങ്ങളിൽ ചോദിച്ചിരുന്നു.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധിയുണ്ടോയെന്ന പരാമർശം പരിശോധിക്കാനായിരുന്നു കോടതിയുടെ തീരുമാനം. ആർട്ടിക്കിൾ 32 മായി ബന്ധപ്പെട്ട രാഷ്ട്രപതി പരാമർശം പിന്നീട് പരിശോധിക്കാമെന്നും ഭരണഘടനാ ബെഞ്ച് അറിയിച്ചിരുന്നു.
ആർട്ടിക്കിൾ 32 മായി ബന്ധപ്പെട്ടു രാഷ്ട്രപതി പരാമർശത്തിൽ ഉന്നയിച്ച വിഷയം അടിച്ചേൽപ്പിക്കുന്നുണ്ടോയെന്നു കേന്ദ്രസർക്കാരിൽനിന്നു നിദേശങ്ങൾ തേടാനും സോളിസിറ്റർ ജനറലിനോടു ഭരണഘടനാബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഉത്തരം തേടാൻ തനിക്കു നിർദേശമുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ നടന്ന വാദത്തിനിടയിൽ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചത്.
സംസ്ഥാന സർക്കാരുകൾ മൗലികാവകാശമുള്ള ഒരു സ്ഥാപനമല്ലെന്നും അതിനാൽ മൗലികാവകാശ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ആർട്ടിക്കിൾ 32 സംസ്ഥാന സർക്കാരിനു പ്രയോഗിക്കാൻ കഴിയില്ലെന്നുമാണ് കേന്ദ്രസർക്കാർ ഭരണഘടനാ ബെഞ്ച് മുന്പാകെ വ്യക്തമാക്കിയത്.
സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 131 പ്രകാരം തീർപ്പാക്കേണ്ടതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരേ കോടതികളെ സമീപിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നിലപാടാണ് കേന്ദ്രം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
ഗവർണർമാർ ജഡ്ജിമാരാകേണ്ട: തമിഴ്നാട്
ന്യൂഡൽഹി: സംസ്ഥാന ഗവർണർമാർക്കു ഭരണഘടനാ കോടതികളിലെ ജഡ്ജിമാരെപ്പോലെ പ്രവർത്തിക്കാനോ നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ പുനഃപരിശോധിക്കാനോ സാധിക്കില്ലെന്നു തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ.
ഒരു ബിൽ ഭരണഘടനാലംഘനമാണോയെന്നും കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും നിയമത്തിനു വിരുദ്ധമാണോയെന്നും കണ്ടെത്തേണ്ടതു ഭരണഘടനാ കോടതികളാണെന്ന് തമിഴ്നാട് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി ഭരണഘടനാ ബെഞ്ചിനു മുന്നിൽ വ്യക്തമാക്കി.
അംഗീകാരം നിഷേധിക്കുന്നതും ബിൽ നിയമസഭയിലേക്ക് തിരിച്ചയയ്ക്കുന്നതും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഘടകങ്ങളാണ്. ഗവർണർക്ക് ഒരു ബിൽ നിയമസഭയിലേക്ക് തിരിച്ചയയ്ക്കുകയല്ലാതെ തടഞ്ഞുവയ്ക്കാൻ കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.