മോദിയുടെ അമ്മയെ അപമാനിച്ചെന്ന് ബിജെപി; നിഷേധിച്ച് കോൺഗ്രസ്
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി/പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കു നേർക്ക് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയിൽ അധിക്ഷേപ പരാമർശങ്ങളുണ്ടായെന്ന് ബിജെപിയുടെ ആരോപണം. വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിന് തക്കതായ തിരിച്ചടി ജനങ്ങൾ നൽകുമെന്നും ബിജെപി നേതാക്കൾ അവകാശപ്പെട്ടു.
ബിജെപി മീഡിയ ഇൻ ചാർജ് ഡാനിഷ് ഇക്ബാൽ ബിഹാറിലെ കോട്വാലി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്. ഇവിടെനിന്നാണ് രാഹുൽ, പ്രിയങ്ക, തേജസ്വി യാദവ് എന്നിവർ മോട്ടോർസൈക്കിളിൽ മുസാഫർപുരിലേക്ക് പുറപ്പെട്ടത്.
സ്റ്റേജിൽ നിന്ന് ഒരു പാർട്ടി അനുയായി മൈക്കിലൂടെ മോശം ഭാഷ ഉപയോഗിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ഇതാണു ബിജെപിയുടെ ആരോപണത്തിന്റെ അടിസ്ഥാനം.
എന്നാൽ, ഏത് പാർട്ടിയുടെ അനുയായിയാണ് ഇത്തരത്തിൽ പെരുമാറിയതെന്നു വ്യക്തമല്ലെന്നും അധിക്ഷേപം നടത്തുന്നത് ബിജെപിയുടെ രീതിയാണെന്നും കോൺഗ്രസ് വക്താവ് അസിത് നാഥ് തിവാരി പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും തിവാരി ആവശ്യപ്പെട്ടു.