ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ മോദിയുടെ ജപ്പാൻ, ചൈന സന്ദർശനം
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻതോതിൽ തീരുവ വർധന വരുത്തിയതോടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതി ഏതാണ്ടു നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്.
അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായ സമയത്തുള്ള പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം ശക്തമായ സന്ദേശമാകും. യുഎസ് നടപടികൾക്കെതിരേ ചൈന ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ അടക്കമുള്ള കാർഷികോത്പന്നങ്ങൾ, സ്റ്റീൽ, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പരവതാനികൾ, കരകൗശല വസ്തുക്കൾ, തുകൽ, പാദരക്ഷകൾ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള കയറ്റുമതി നേരിടുന്ന പ്രതിസന്ധിക്ക് നേരിട്ടു പരിഹാരമുണ്ടായില്ലെങ്കിലും ചൈനയും ജപ്പാനുമായുള്ള സഹകരണം പ്രതീക്ഷയ്ക്കു വക നൽകുന്നതാകും.
ദുർബലമായ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ മോദിയുടെ ചൈന സന്ദർശനവും പ്രസിഡന്റ് ഷിയുമായുള്ള ചർച്ചയും വഴിതെളിക്കുമെന്നാണു പ്രതീക്ഷ. 2020 ജൂണിൽ ഗാൽവാൻ താഴ്വരയിലെ മാരകമായ ഏറ്റുമുട്ടലുകളെത്തുടർന്നാണ് ഇന്ത്യ- ചൈന ബന്ധം വഷളായത്. പിന്നീട് ചർച്ചകളെത്തുടർന്ന് യഥാർഥ നിയന്ത്രണ രേഖയിലെ (എൽഎസി) പ്രധാന സംഘർഷമേഖലകളിൽനിന്നു പരസ്പരം സൈന്യം പിന്മാറിയെങ്കിലും അതിർത്തി പ്രദേശത്തു കനത്ത സേനാവിന്യാസം തുടരുന്നുണ്ട്.
ചൈനയുമായുള്ള ബന്ധത്തിൽ ജാഗ്രതയോടെയുള്ള പുരോഗതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിശ്വാസത്തിന്റെ പോരായ്മ പ്രകടമാണെങ്കിലും സംഘർഷത്തിന് സാവധാനം അയവുണ്ടാകുന്നുവെന്ന പ്രതീതി സംജാതമായിട്ടുണ്ട്.
ചൈനീസ് പ്രസിഡന്റ് ഷിയും പ്രധാനമന്ത്രി മോദിയും നടത്തുന്ന കൂടിക്കാഴ്ചയിൽ കൂടുതൽ മഞ്ഞുരുകിയേക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണി നേരിടാൻ ചൈനയും ജപ്പാനുമായും കൂടുതൽ സഹകരണത്തിന് ഇന്ത്യ നിർബന്ധിതമായിട്ടുണ്ട്.
അമേരിക്കയുടെ തീരുവയുദ്ധത്തെ പ്രതിരോധിക്കാനും മാറിക്കൊണ്ടിരിക്കുന്ന ആഗോള വിന്യാസങ്ങൾക്കിടയിലെ സന്തുലിത ശക്തിയായി നിലകൊള്ളാനുമുള്ള അവസരമായാണു എസ്സിഒ ഉച്ചകോടിയിലെ വിവിധ രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചകളെ ഇന്ത്യ കാണുന്നത്.
എന്നാൽ ആഗോളതലത്തിലും ദക്ഷിണേന്ത്യയിലും തങ്ങളുടെ മേധാവിത്വം പ്രകടിപ്പിക്കുന്നതിനും റഷ്യയ്ക്കു നയതന്ത്രപരിരക്ഷ നൽകുന്നതിനുമുള്ള അവസരവുമായാണ് സമ്മേളനത്തെ ചൈന ഉപയോഗപ്പെടുത്തുക.