തെലുങ്കാന മാതൃകയിൽ ജാതി സെൻസസ്: ആവശ്യമുന്നയിച്ച് കോൺഗ്രസ് ഒബിസി ഉപദേശക സമിതി
Thursday, July 17, 2025 2:03 AM IST
ബംഗളൂരു: തെലുങ്കാന മാതൃകയിൽ ജാതി സെൻസസ് നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കോൺഗ്രസ് ഒബിസി ഉപദേശക സമിതി.
സെൻസസിൽ ഓരോ വ്യക്തിയുടെയും ജാതിയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴിൽ, രാഷ്ട്രീയ വശങ്ങളും ഉൾപ്പെടുത്തണമെന്ന് ബംഗളൂരുവിൽ നടന്ന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ 50 ശതമാനം സംവരണ പരിധി ഇല്ലാതാക്കി വിദ്യാഭ്യാസ-സേവന-രാഷ്ട്രീയ മേഖലകളിൽ ഒബിസി ക്വോട്ട ഉറപ്പാക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രഖ്യാപിച്ചു.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒബിസി സംവരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി രാജ്യവ്യാപക പ്രചാരണം നടത്താനും സമ്മേളനം തീരുമാനിച്ചു.