അപ്പാച്ചെ ഹെലികോപ്റ്ററുകൾ അടുത്തയാഴ്ചയെത്തും
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: ദീർഘനാളായി കാത്തിരിക്കുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഈ മാസം 21ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്.
പ്രതിരോധവൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച് പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലായിരിക്കും അമേരിക്കയിൽനിന്നെത്തുന്ന മൂന്ന് എഎച്ച്64ഇ അപ്പാച്ചെ സൈനിക ഹെലികോപ്റ്ററുകൾ വിന്യസിക്കുക.
കരസേനയുടെ ഏവിയേഷൻ കോർപ്സിനുവേണ്ടി വ്യോമസേനയുടെ വെസ്റ്റേണ്‍ എയർ കമാൻഡിനു കീഴിലുള്ള ഹിൻഡണ്‍ എയർഫോഴ്സ് സ്റ്റേഷനിലായിരിക്കും ഹെലികോപ്റ്ററുകൾ എത്തുക.
ഓപ്പറേഷൻ സിന്ദൂറിനുശേഷം പശ്ചിമാതിർത്തിയിലെ സൈനികബലം ശക്തമാക്കുവാൻ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ആകാശത്തിലെ ടാങ്കുകൾ എന്നറിയപ്പെടുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകറുടെ വരവ് ഗുണകരമാകും.
2020ൽ അമേരിക്കയുമായി 60 കോടി ഡോളർ കരാറിലേർപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നത്. കരാർപ്രകാരം ആറു ഹെലികോപ്റ്ററുകളാണ് എത്തേണ്ടതെങ്കിലും പല കാരണങ്ങളാൽ വിതരണത്തിൽ കാലതാമസം നേരിടുകയായിരുന്നു. മൂന്ന് ഹെലികോപ്റ്ററുകളടങ്ങുന്ന അടുത്ത ബാച്ച് ഈ വർഷം നവംബറോടെ എത്തുമെന്ന് പ്രതിരോധമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ മുന്‍പ് സ്ഥിരീകരിച്ചിരുന്നു.
അപ്പാച്ചെ ഗാർഡിയൻ എന്നറിയപ്പെടുന്ന അപ്പാച്ചെ എഎച്ച്64ഇ അപ്പാച്ചെ ഹെലികോപ്റ്റർ ശ്രേണിയിലെ ഏറ്റവും അത്യാധുനിക ഹെലികോപ്റ്ററായാണ് പരിഗണിക്കപ്പെടുന്നത്. ബഹുമുഖ യുദ്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഈ ഹെലികോപ്റ്ററുകൾ അമേരിക്കൻ കരസേനയുടെ നട്ടെല്ലായി കരുതപ്പെടുന്നു.