ആദായ നികുതി ബിൽ: ശിപാർശകൾ നിർദേശിച്ച് സെലക്ട് കമ്മിറ്റി
Thursday, July 17, 2025 2:03 AM IST
ന്യൂഡൽഹി: രാജ്യത്തെ നികുതിനിയമങ്ങൾ ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ആദായനികുതി ബില്ലിൽ 285 ശിപാർശകൾ നിർദേശിച്ചു ലോക്സഭ സെലക്ട് കമ്മിറ്റി.
നിർദേശങ്ങൾ ഉൾപ്പെടുത്തിയ കരട് റിപ്പോർട്ടിന് ബിജെപി നേതാവ് ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയിൽ ചേർന്ന സെലക്ട് കമ്മിറ്റി അംഗീകാരം നൽകി. അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനംതന്നെ കരട് റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിക്കും. തുടർന്ന് ഈ സമ്മേളനത്തിൽത്തന്നെ ആദായനികുതി ബിൽ 2025 ലോക്സഭയിൽ അവതരിപ്പിച്ചു പാസാക്കിയേക്കും.
ബില്ലിനെ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ ശിപാർശകൾ കേന്ദ്രസർക്കാരിന് ആവശ്യമെങ്കിൽ പരിഗണിക്കാം. ഇതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം തേടിയശേഷം ബില്ല് പാർലമെന്റിന്റെ അംഗീകാരത്തിന് അവതരിപ്പിക്കും. അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പുതിയ ആദായനികുതി നിയമം നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.