ഫൗജ സിംഗിന്റെ മരണം: യുവാവ് അറസ്റ്റിൽ
Thursday, July 17, 2025 2:03 AM IST
ചണ്ഡിഗഡ്: ലോകത്തെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിംഗ് വാഹനമിടിച്ചു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
ജലന്ധറിലെ കർതാപുർ സ്വദേശി അമൃത്പാൽ സിംഗ് ധില്ൻ (26) ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച പഞ്ചാബ് രജിസ്ട്രേഷനിലുള്ള ടൊയോട്ട ഫോർച്യൂണർ പോലീസ് പിടിച്ചെടുത്തു.
കാനഡയിൽ ജോലി ചെയ്യുന്ന ധില്ലൻ മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇയാളെ കർതാപുരിലെ വീട്ടിൽനിന്നാണ് പോലീസ് പിടികൂടിയത്.
ആരെയാണ് കാർ ഇടിച്ചതെന്നു മനസിലായിരുന്നില്ല. ഭയന്നുപോയതിനാലാണ് അപകടത്തിനു ശേഷം കാർ നിർത്താതിരുന്നതെന്നും ധില്ലൻ പോലീസിനോടു പറഞ്ഞു.