ബിജെഡി പ്രതിഷേധത്തിൽ നിരവധി പേർക്കു പരിക്ക്
Thursday, July 17, 2025 2:03 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ഫക്കീർ മോഹൻ കോളജിലെ വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജുഡീഷ്ൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെഡി നടത്തിയ പ്രതിഷേധത്തിൽ നിരവധി നേതാക്കൾക്ക് പരിക്കേറ്റു. പോലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരിൽ രണ്ട് മുൻ മന്ത്രിമാരുമുണ്ട്.
പ്രണബ് പ്രകാശ് ദാസ്, പ്രീതി രഞ്ജൻ ഘറായ് എന്നിവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡുകൾ ഭേദിച്ച് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കവേയായിരുന്നു സംഘർഷം. പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്.
മുഖ്യമന്ത്രി മോഹൻ ചരൺ മാജി രാജിവയ്ക്കണമെന്നും മണിപ്പുരിലേതിന് സമാനമായ രാഷ്ട്രപതി ഭരണം ഒഡീഷയിൽ നടപ്പാക്കണമെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്കാ ലംബ ആവശ്യപ്പെട്ടു.