ഹൃദയാഘാത മരണങ്ങൾക്ക് കോവിഡുമായി ബന്ധമില്ല
Wednesday, July 9, 2025 6:11 AM IST
ബംഗളുരു: യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങൾക്ക് കോവിഡുമായോ വാക്സിനുമായോ ബന്ധമില്ലെന്ന് ഇക്കാര്യം അന്വേഷിക്കാൻ കർണാടക ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നല്കി. ഉയർന്ന രക്തസമ്മർദം, പ്രമേഹം, പുകവലി എന്നിവയാണു പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളിലേക്ക് നയിച്ച മുഖ്യകാരണങ്ങളെന്നാണു സമിതിയുടെ വിലയിരുത്തൽ.
ഹാസൻ ജില്ലയിൽ കഴിഞ്ഞ 40 ദിവസത്തിനിടെ താരതമ്യേന കുറഞ്ഞ പ്രായത്തിലുള്ള 21 പേർ ഹൃദയാഘാതം മൂലം മരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യമന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
കോവിഡിന് അനുബന്ധമായി ചിലർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ മൂന്നുവർഷത്തിൽ കൂടുതൽ കാലം നിലനിൽക്കില്ലെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും കൊളസ്ട്രോൾ തുടങ്ങിയ ഘടകങ്ങളും ഹൃദ്രോഗങ്ങൾ വർധിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.