കീടനാശിനികളുടെ വിലനിർണയം നിയന്ത്രിക്കുന്നതു പരിഗണനയിൽ
സ്വന്തം ലേഖകൻ
Wednesday, July 9, 2025 6:11 AM IST
ന്യൂഡൽഹി: കീടനാശിനികളുടെ വിവേചനപരമായ വിലനിർണയം നിയന്ത്രിക്കുന്നതിനായി ശാസ്ത്രീയ സംവിധാനം പരിഗണനയിലുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ. നിലവാരമില്ലാത്ത വിത്തുകളുടെയും വ്യാജ കീടനാശിനികളുടെയും വില്പന തടയാൻ കർശനമായ നിയമം രൂപീകരിക്കുമെന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐസിഎആർ) വാർഷിക ജനറൽ യോഗത്തിനുശേഷം ചൗഹാൻ വ്യക്തമാക്കി.
കാർഷിക ആവശ്യങ്ങൾക്കുള്ള കീടനാശിനികളിൽ എംആർപി (പരമാവധി റീട്ടെയിൽ തുക) രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു പലപ്പോഴും യഥാർഥ തുകയല്ലെന്നും പലപ്പോഴും കർഷകരുടെ പക്കൽനിന്ന് കൂടുതൽ തുക ഈടാക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. കീടനാശിനിയുടെ ചെലവ് അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയ സംവിധാനം നടപ്പിലാക്കുമെന്നും ചൗഹാൻ വ്യക്തമാക്കി.
ഗുണനിലവാരമില്ലാത്ത വിത്തുകൾ ലഭിക്കുന്നതുമൂലം കർഷകർക്കുണ്ടാകുന്ന പ്രശ്നങ്ങൾ മറികടക്കാൻ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ വിത്തുകൾ കർഷകർക്കു ലഭ്യമാക്കുന്ന സംവിധാനം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി കൂട്ടിച്ചേർത്തു.