ഖേംക വധം: മുഖ്യപ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
Wednesday, July 9, 2025 6:11 AM IST
പാറ്റ്ന: ബിഹാറിലെ വ്യവസായി ഗോപാൽ ഖേംകയെ കൊല്ലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാജ എന്നറിയപ്പെടുന്ന വികാസ് (29)ആണ് ഇന്നലെ പുലർച്ചെ പാറ്റ്നയിലെ ദമാരിയ ഘട്ട് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ വികാസ് പ്രതിയാണ്.
പോലീസ് സംഘത്തെ കണ്ട് വികാസ് വെടിവച്ചു. തുടർന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് വികാസ് കൊല്ലപ്പെട്ടത്. പോലീസുകാർക്ക് ആർക്കും പരിക്കില്ല. ഒരു പിസ്റ്റളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു. ഗോപാൽ ഖേംകയെ കൊലപ്പെടുത്തിയ കേസിൽ ഉമേഷ് റായി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയാണ് ഗോപാൽ ഖേംക വീടിനു സമീപം കൊല്ലപ്പെട്ടത്. ബിജെപിയുമായി ബന്ധമുള്ളയാളാണ് ഇദ്ദേഹം. ഖേംകയുടെ മകൻ ഏഴു വർഷംമുന്പ് കൊല്ലപ്പെട്ടിരുന്നു. ഖേംകവധത്തിൽ ബിഹാറിൽ വ്യാപക പ്രതിഷേധം അലയടിച്ചിരുന്നു.