മൻമോഹൻ സമൽ വീണ്ടും ഒഡീഷ ബിജെപി അധ്യക്ഷൻ
Wednesday, July 9, 2025 6:11 AM IST
ഭുവനേശ്വർ: ഒഡീഷ ബിജെപി അധ്യക്ഷനായി മൻമോഹൻ സമലിനെ വീണ്ടും നിയമിച്ചു. ബിജെപി കേന്ദ്ര നിരീക്ഷകൻ സഞ്ജയ് ജയ്സ്വാൾ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അധ്യക്ഷസ്ഥാനത്തേക്ക് സമൽ മാത്രമായിരുന്നു പത്രിക സമർപ്പിച്ചിരുന്നത്.
നാലാം തവണയാണ് സമൽ ബിജെപി അധ്യക്ഷനാകുന്നത്. 1999-2000 കാലത്തായിരുന്നു ആദ്യം ബിജെപി അധ്യക്ഷനായത്. ഒഡീഷ ജനസംഖ്യയിൽ 50 ശതമാനം വരുന്ന ഒബിസി വിഭാഗക്കാരനാണ് സമൽ. 24 വർഷത്തെ ബിജെഡി ഭരണം അവസാനിപ്പിച്ച് ഒഡീഷയിൽ ബിജെപി അധികാരത്തിലേറിയപ്പോൾ മൻമോഹൻ സമൽ ആയിരുന്നു സംസ്ഥാന അധ്യക്ഷൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 21ൽ 20 സീറ്റും ബിജെപി നേടി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സമൽ പരാജയപ്പെട്ടത് തിരിച്ചടിയായി.