ഹിമാചലിലും ഉത്തരാഖണ്ഡിലും കനത്ത മഴ: അഞ്ചു മരണം
Wednesday, September 17, 2025 1:37 AM IST
ഡെറാഡൂണ്‍: കനത്ത മഴയെത്തുടർന്നുള്ള മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും ഉത്തരാഖണ്ഡ്, ഹിമാചൽ സംസ്ഥാനങ്ങളിൽ അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലും പരിസരപ്രദേശങ്ങളിലും അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. ഹിമാചലിലെ മാണ്ഡിയിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.
വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി. പല റോഡുകളും ഒലിച്ചുപോയി. ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന കടകള്‍, പമ്പ് ഹൗസ്, നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവയ്ക്കും നാശമുണ്ടായിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രണ്ടുപേരെ രക്ഷിച്ചതായും ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ അപൂര്‍വ് ദേവ്ഗണ് അറിയിച്ചു.
ഹിമാചലിൽ മഴക്കെടുതികളിൽ ഈവർഷം 232 പേരാണ് മരണമടഞ്ഞത്. 46 മേഘവിസ്ഫോടനങ്ങളും 97 മിന്നൽപ്രളയവും 140 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലും മൂലം സംസ്ഥാനത്ത് 4,504 കോടിയുടെ നാശനഷ്ടമുണ്ടായി. ഉത്തരാഖണ്ഡിൽ ഇത്തവണ മൺസൂണിൽ ലഭിച്ചത് 1,343.2 മില്ലിമീറ്റർ മഴയാണ്. സാധരണലഭിക്കുന്നതിലും 22 ശതമാനം അധികമഴയാണ് ഇത്തവണ കിട്ടിയത്. ഹിമാചലിൽ 1,010.9 മില്ലിമീറ്റർ മഴലഭിച്ചു. 46 ശതമാനം അധികമഴയാണിത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തിങ്കളാഴ്ച രാവിലെ മിന്നൽപ്രളയത്തിൽ തപോവന്‍, സഹസ്ത്രധര, ഐടി പാര്‍ക്ക് എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വ്യാപക നാശമാണുണ്ടായത്. ജനജീവിതം അതീവദുഷ്കരമാണെന്നു പറഞ്ഞ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദാംശങ്ങൾ തേടിയതായും പറഞ്ഞു.
ഡെറാഡൂണില്‍ ഇരുനൂറോളം വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട ദേവഭൂമി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളെ സംസ്ഥാന ദുരന്തനിവാരണ സേന സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും ഇത്തവണ വ്യാപകമഴ ലഭിച്ചു.