ബിഹാർ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം 24ന്
Thursday, September 18, 2025 1:18 AM IST
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം 24ന് പാറ്റ്നയിൽ നടക്കും.
നിർണായക തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വം പാറ്റ്നയിൽ സന്നിഹിതരായി തന്ത്രങ്ങളൊരുക്കും. രാഹുൽ പുറത്തുകൊണ്ടുവന്ന ‘വോട്ട് കൊള്ള’ അടക്കമുള്ള ആരോപണങ്ങൾ ബിഹാറിലെ തെരഞ്ഞെടുപ്പിൽ ആയുധങ്ങളാക്കി മാറ്റുന്നതിലടക്കം ചർച്ചയുണ്ടാകും.
24ന് രാവിലെ 10 മുതൽ നടക്കുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാർക്കും ക്ഷണിതാക്കൾക്കും സംസ്ഥാന പ്രസിഡന്റുമാർക്കും ക്ഷണമുണ്ടെന്നാണു സൂചന.ബിഹാറിലെ പ്രതിപക്ഷസഖ്യമായ ‘മഹാഗത്ബന്ധ’നിൽ (മഹാസഖ്യം) സീറ്റുചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരുന്നത്.
സഖ്യത്തിലെ മറ്റു കക്ഷികൾക്കും ചെറു പാർട്ടികൾക്കും പ്രാധാന്യം നൽകി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാൾ കുറവ് സീറ്റിൽ മത്സരിക്കാനാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സൂചനയുണ്ട്. 243 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഇത്തവണ വിജയപ്രതീക്ഷയുള്ള 60 മുതൽ 62 മണ്ഡലങ്ങളിൽ മാത്രമാകും കോണ്‍ഗ്രസ് മത്സരിക്കുക.
എന്നാൽ തങ്ങളുടെ പാർട്ടി 243 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രതിപക്ഷനേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ് പ്രഖ്യാപിച്ചതും സീറ്റു ചർച്ചകൾ നിലവിൽ വഴിമുട്ടി നിൽക്കുന്നതും കോൺഗ്രസിനുള്ളിൽ ചെറിയൊരു ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.