കർണാടക കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി
Wednesday, September 17, 2025 1:37 AM IST
ബംഗളുരു: കർണാടകത്തിലെ കോലാർ ജില്ലയിൽ മാലുർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസിലെ കെ.വൈ. നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കി കർണാക ഹൈക്കോടതി.
ബിജെപി സ്ഥാനാർഥി കെ.എസ്. മഞ്ചുനാഥ് ഗൗഡ നൽകിയ തെരഞ്ഞെടുപ്പ് പരാതിയിൽ വീണ്ടും വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാൻ ജസ്റ്റീസ് ആർ. ദേവദാസ് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകുകയായിരുന്നു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. രണ്ട് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസില്‍ വിധി പുറപ്പെടുവിച്ചത്.
അതേസമയം, 30 ദിവസത്തേക്ക് വിധി നടപ്പാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ട്. നഞ്ചഗൗഡയ്ക്കു സുപ്രീംകോടതിയെ സമീപിക്കുന്നതിന് വേണ്ടിയാണ് ഇത്. കേസില്‍ സുപ്രീംകോടതി ഇടപെട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവിനു സ്ഥാനം നഷ്ടമാകും.
തെരഞ്ഞെടുപ്പില്‍ 50,955 വോട്ടുകളാണു നഞ്ചഗൗഡയ്ക്കു ലഭിച്ചത്. മഞ്ജുനാഥ ഗൗഡ 50,707 വോട്ടുകളും നേടി. 17,627 വോട്ടുകളോടെ ജനതാദള്‍ സെക്കുലര്‍ സ്ഥാനാര്‍ഥി രാമഗൗഡ മൂന്നാമതെത്തിയ മത്സരത്തിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിനു നഞ്ചഗൗഡ എംഎൽഎ ആവുകയായിരുന്നു.
വോട്ടെണ്ണൽ പ്രക്രിയയിൽ ഒട്ടേറെ പിഴവുകളുണ്ടായെന്ന് കോടതി വ്യക്തമാക്കി. കോടതി നിർദേശമുണ്ടായിട്ടും വോട്ടെണ്ണൽ വീഡിയോയിൽ ചിത്രീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു കഴിഞ്ഞില്ല. ഈ ഉദ്യോഗസ്ഥനെതിരേ നിയമാനുസൃത നടപടി വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.