രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കും: അമിത് ഷാ
Wednesday, September 17, 2025 1:37 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തുനിന്ന് മയക്കുമരുന്നുകൾ തുടച്ചുനീക്കാൻ കേന്ദ്രസർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്നു കടത്തിൽ ഏർപ്പെട്ടതിന് തടവിലുള്ള 16,000 വിദേശികളെ നാടുകടത്തുമെന്നും മന്ത്രി അറിയിച്ചു. നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ (എൻസിബി) ദ്വിദിന ദേശീയ സമ്മേളനം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2047ലെ വികസിത ഭാരത ലക്ഷ്യത്തോടൊപ്പമാകും മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന ലക്ഷ്യം നേടുക. മയക്കുമരുന്ന് കേസുകളിൽ 2014നുശേഷം 69.61 ലക്ഷം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ കള്ളക്കടത്ത് നടത്തിയ 26 ലക്ഷം കിലോഗ്രാം മയക്കുമരുന്നാണു പിടിച്ചെടുത്തത്. 2004നും 2013നും ഇടയിലുള്ള കാലവുമായി താരതമ്യപ്പെടുത്തുന്പോൾ നാലിരട്ടി മയക്കുമരുന്നുകളാണ് പിടിച്ചെടുത്തതെന്ന് അമിത് ഷാ വിശദീകരിച്ചു. മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ പോരാട്ടം ഊർജിതമാക്കിയിട്ടുണ്ട്.
വിദേശികൾ വ്യാപകമായി മയക്കുമരുന്ന് കടത്തിൽ പങ്കാളികളാണ്. ഇത്തരം കേസുകളിൽ 16,000 വിദേശ പൗരന്മാരാണ് വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെ നാടുകടത്താൻ ആഭ്യന്തരമന്ത്രാലയം നടപടികൾ തുടങ്ങി.
ബംഗ്ലാദേശ്, ഫിലിപ്പീൻസ്, മ്യാൻമർ, മലേഷ്യ, ഘാന, നൈജീരിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണു നാടുകടത്തുക. വിദേശികളുടെ പട്ടിക ആഭ്യന്തര മന്ത്രാലയത്തിനും ബന്ധപ്പെട്ട ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. പുതിയ ഇമിഗ്രേഷൻ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും നാടുകടത്തൽ നടപ്പിലാക്കുക.
എല്ലാ മയക്കുമരുന്നു മാഫിയകളെയും ഇല്ലാതാക്കാനും യുവാക്കളെ സംരക്ഷിക്കാനും സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഒരു അന്തർദേശീയ മയക്കുമരുന്നുകടത്ത് സിൻഡിക്കറ്റിനെ നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിജയകരമായി തകർത്തു.
നിയമവിരുദ്ധ ഫാർമസ്യൂട്ടിക്കൽ മയക്കുമരുന്ന് വ്യാപാരത്തിനെതിരായ നടപടികളിൽ ഒന്നാണിത്. നാലു ഭൂഖണ്ഡങ്ങളിലേക്കു നിയന്ത്രിതവും നിരോധിതവുമായ മരുന്നുകൾ കടത്താൻ സിൻഡിക്കറ്റ് എൻക്രിപ്റ്റ് ചെയ്ത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഡ്രോപ് ഷിപ്പിംഗ് മോഡലുകൾ, ക്രിപ്റ്റോകറൻസി എന്നിവ ഉപയോഗിച്ചു.-മന്ത്രി പറഞ്ഞു.
നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയുടെയും വിവിധ ഏജൻസികളുടെയും ഏകോപനത്തിലൂടെയാണ് നാലു ഭൂഖണ്ഡങ്ങളിലും പത്തിലധികം രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന വൻ മാഫിയയിലെ എട്ടുപേരെ അറസ്റ്റ് ചെയ്യാനും മയക്കുമരുന്നുകളുടെ അഞ്ചു ചരക്കുകൾ (കണ്സൈൻമെന്റുകൾ) പിടിച്ചെടുക്കാനും കഴിഞ്ഞത്.
ഈ മാഫിയയ്ക്കെതിരേ അമേരിക്കയിലും ഓസ്ട്രേലിയയിലും കർശന നടപടികൾ ആരംഭിച്ചതായി ഷാ പറഞ്ഞു. ഈ സംഘങ്ങൾ ഉപയോഗിക്കുന്ന അത്യാധുനികരീതികൾ രാജ്യത്തെ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യുവജനസംഖ്യ വളരെ വലുതും സമൃദ്ധവുമാണ്. മയക്കുമരുന്ന് ദുരുപയോഗം ഒരുപരിധിക്കപ്പുറം വളർന്നാൽ അതിന്റെ ആഘാതം മറികടക്കാൻ വളരെ സമയമെടുക്കും. അതിനാൽ, ഭാവിതലമുറകളുടെ നാശം തടയുന്നതിനായി മയക്കുമരുന്നുകൾക്കതിരേ ശക്തമായി പോരാടേണ്ട സമയമാണിതെന്ന് ഷാ പറഞ്ഞു.
മയക്കുമരുന്ന് ഭീഷണിക്കെതിരേ മാത്രമായി വർഷത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും നീക്കിവയ്ക്കണമെന്ന് ഉദ്യോഗസ്ഥരോടു മന്ത്രി ആവശ്യപ്പെട്ടു. കഞ്ചാവുകൃഷി സർവേ ചെയ്യാനും കണ്ടെത്താനും നശിപ്പിക്കാനും ഡ്രോണുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ സംസ്ഥാന മേധാവികളോട് ഷാ ആവശ്യപ്പെട്ടു.
മയക്കുമരുന്നു രഹിത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനുള്ള രൂപരേഖ തയാറാക്കാൻ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എഎൻടിഎഫ് മേധാവികൾക്കു മന്ത്രി നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സിന്റെ (എഎൻടിഎഫ്) മേധാവികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.